യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണിട്രാപ്പിനിരയായതായി പരാതി നൽകിയത്
കൊച്ചി: മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണിട്രാപ്പിന് ഇരയാക്കിയ കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണിട്രാപ്പിനിരയായതായി പരാതി നൽകിയത്.
യൂട്യൂബിൽ നിന്ന് ലഭിച്ച നമ്പർ വഴി അക്ഷയ എന്ന പെൺകുട്ടി ഇയാളുമായി സൗഹൃദത്തിലെത്തുകയും പിന്നീട് സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച് താൻ മയങ്ങി പോയെന്നും മയക്കം വിട്ട് എഴുന്നേറ്റപ്പോൾ ആതിരയെന്ന് പറയുന്ന പെൺക്കുട്ടിയെയാണ് കണ്ടെതെന്നും യൂട്യൂബർ പരാതിയിൽ പറയുന്നു.
കുറച്ചു കഴിഞ്ഞ് അൽ അമീൻ, അഭിലാഷ് എന്നിവരെത്തുകയും യുവതികളെ ഇയാളുമായി ചേർത്തു നിർത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് യൂട്യൂബർ പരാതിയിൽ പറഞ്ഞു. ഈ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവർ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്റെ പക്കൽ പൈസയില്ലെന്ന പറഞ്ഞപ്പോൾ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പതിനായിരം രൂപ ഇവർ എടുക്കുകയും ഇയാളുടെ കാർ അക്ഷയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തുവെന്ന് ഇയാളുടെ പരാതിയിലുണ്ട്. ഇതിന് ശേഷം ഇയാളെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിലിറക്കുകയും ചെയ്തു. ഇതിന് ശേഷം യൂട്യൂബർ കുത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ നാല് പേർ പിടിയിലായത്.
Adjust Story Font
16