തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി മരിച്ച നിലയിൽ
കുട്ടിയുടെ മാതാവിനും കുടുംബത്തിനുമെതിരെ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴുത്തിൽ ഷാൾ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. വെള്ളനാട് സ്വദേശി മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ദീക്ഷിതയാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. മരണത്തിന് പിന്നിൽ അമ്മയുടെ സുഹൃത്താണെന്ന് അച്ഛന്‍റെ കുടുംബം ആരോപിച്ചു.
വീട്ടിൽ അനിയത്തിയുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ദിക്ഷിത. പേനയുടെ പേരിൽ പരസ്പരം വഴക്കുണ്ടായി. അപ്പൂപ്പൻ എത്തി ദീക്ഷിതയെ ശാസിച്ചു. പിണങ്ങിപ്പോയ പെൺകുട്ടിയെ പിന്നീട് കണ്ടെത്തുന്നത് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. മൃതദേഹം വെള്ളനാട്ടെ സർക്കാർ ആശുപത്രിയിൽ എത്തിക്കുമ്പോഴാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ആര്യനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തുകയായിരുന്നു.
എന്നാൽ പിന്നീട് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മഹേഷിന്‍റെ ബന്ധുക്കൾ രംഗത്ത് വന്നു. മാതാവ് ശ്രീക്കുട്ടിയുടെ സുഹൃത്തിന് മരണത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. മഹേഷും ശ്രീക്കുട്ടിയും 2022 മുതൽ അകന്നു കഴിയുകയാണ്. ഇരുവരും തമ്മിൽ വിവിധ കേസുകൾ കോടതിയുടെ പരിഗണനയിലാണ്. വെള്ളനാട് ശ്രീക്കുട്ടിയുടെ വീട്ടിലായിരുന്നു ദീക്ഷിതയും അനുജത്തിയും താമസിച്ചിരുന്നത്. നിലവിൽ വെള്ളനാട്ട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റും.
Adjust Story Font
16