കളകളേയും അതിനു പിന്നിലെ കളികളെയും തിരിച്ചറിയുക: ഫാദര്‍ ജെയിംസ് പനവേലില്‍
എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വലിയ മനസ്സുള്ള ദൈവമുണ്ടായിട്ടും ഒരു ചെറിയ വിഭാഗത്തെ മാത്രം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്നും ഫാദർ ചോദിച്ചു.
വിശ്വാസികളെ ചിന്തിപ്പിക്കുന്ന വാക്കുകളുമായി സത്യദീപം അസോസിയേറ്റ് എഡിറ്റര്‍ ഫാദര്‍ ജെയിംസ് പനവേലില്‍. വ്യത്യസ്തകൾക്കിടയിലും എല്ലാവരെയും മാനിക്കാനും ബഹുമാനിക്കാനുമാണ് യഥാർഥ വിശ്വാസി ശ്രദ്ധിക്കേണ്ടതെന്ന് ഫാദർ പനവേലിൽ പറഞ്ഞു. തന്റെ സുവിശേഷ പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ സംഭാഷണത്തെ ഉദ്ധരിച്ചായിരുന്നു ഫാദറിന്റെ സുവിശേഷ പ്രസംഗം ആരംഭിച്ചത്. "കര്‍ഷകനല്ലേ മാഡം, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാണ്"എന്ന മോഹന്‍ലാലിന്റെ സംഭാഷണമാണ് വിശ്വാസികള്‍ക്കിടയിലെ അക്രമ സ്വഭാവത്തെക്കുറിച്ച് പറയാന്‍ ഫാദര്‍ ഉപയോഗിച്ചത്. രക്തം പുരണ്ട വസ്ത്രത്തിൽ കള പറിക്കാനിറങ്ങുന്ന കർഷകനായി നാം മാറരുതെന്ന് ഫാദർ വിശ്വാസികളെ ഓർമിപ്പിച്ചു.
എല്ലാ തരം വ്യത്യസ്തതകളെയും ഉൾക്കൊള്ളാനാണ് ദൈവം തന്റെ സൃഷ്ടിപ്പിൽ വൈവിധ്യം കൊണ്ടുവന്നത്. എല്ലാവരും ഒരു പോലെ ചിന്തിക്കുന്നവരായിരുന്നുവെങ്കിൽ എത്ര മനോഹരമായേനെ എന്ന സാമാന്യ യുക്തിക്ക് വിഭിന്നമായി ദൈവം ചിന്തിച്ചു എന്നിടത്താണ് സ്രഷ്ടാവിന്റെ പ്രത്യേകത. എല്ലാ വിഭാഗക്കാരും നിലനിൽക്കട്ടെ, എല്ലാ വിശ്വാസവും മതങ്ങളും നിലനിൽക്കട്ടെ, എല്ലാവരും വളരട്ടെ എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യമെന്നും ഫാദർ പനവേലിൽ പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വലിയ മനസ്സുള്ള ദൈവമുണ്ടായിട്ടും ഒരു ചെറിയ വിഭാഗത്തെ മാത്രം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്നും ഫാദർ ചോദിച്ചു.
സുവിശേഷമെന്ന വ്യാജേന നമ്മുടെ ഹൃദയങ്ങളില്‍ വെറുപ്പിന്‍റെ വിത്തുകള്‍ വിതക്കപ്പെടുന്നുണ്ട്. അത് പറിച്ചെറിയാനാവണം. നമ്മുടെ ഉള്ളിലേക്ക് ചില തീവ്രചിന്തകള്‍ പടരുന്നുണ്ട്. അത് ക്രിസ്തുവിന്‍റെ മക്കളെ കാക്കാനാണെന്ന് പറയുമ്പോള്‍ അത് ശരിയല്ല എന്നു ചിന്തിക്കുന്ന സാമാന്യ ബുദ്ധിയുള്ളവരായി നമ്മള്‍ മാറും.
അപരനെ കുറിച്ച് മനസ്സില്‍ മോശം ചിന്തയും പേറി കളകള്‍ ആകുന്നതിന് പകരം, ദൈവത്തെ പോലെ എല്ലാവരെ ഉള്‍ക്കൊള്ളുന്ന മനസ്സുള്ള വിളകളാവാനാണ് വിശ്വാസി ശ്രദ്ധ പുലര്‍ത്തേണ്ടത്. സൈബറിടങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രചരണങ്ങളെ സൂക്ഷിക്കണം. സമൂഹത്തില്‍ കള വിതക്കുന്നവരെ തിരിച്ചറിയാനാവണം. ചുറ്റുമുള്ളവരെ ചേര്‍ത്തു പിടിക്കാനാവണം. വൈവിധ്യങ്ങളെയാണ് ദൈവം ഇഷ്ടപ്പെട്ടത്. ആ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനാവുമ്പോള്‍ നമ്മള്‍ ദൈവത്തിന്‍റെ മനസ്സുള്ള മനുഷ്യരാവും' അദ്ദേഹം പറഞ്ഞു.
മുമ്പ് ഈശോ സിനിമാ വിവാദവുമായി ബന്ധപ്പെട്ട് ഫാദര്‍ നടത്തിയ പ്രഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ നാര്‍ക്കോട്ടിക്ക് ജിഹാദുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് ഫാദര്‍ ജയിംസ് പനവേലിന്‍റെ പ്രഭാഷണം വീണ്ടും വൈറലായിരിക്കുന്നത്.
Adjust Story Font
16