കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും
സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോകുന്നതിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചിരുന്നു
ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിന്‍റെ പേര് കേരളാ കോൺഗ്രസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോകുന്നതിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചിരുന്നു. അതേസമയം ചിഹ്നം സംബന്ധിച്ച് അനിശ്ചിതം നില നിൽക്കുന്നുണ്ട് .എല്‍.ഡി.എഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടൻ മകെ.എം മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥന നടത്തി പ്രചാരണ പരിപാടികൾ ഊർജിതമാക്കി.
കോട്ടയത്തെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് കൂടുതൽ വ്യക്തമാകും. രാവിലെ 11 മണിക്ക് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് യു.ഡി.എഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിൻ്റെ പേര് പ്രഖ്യാപിക്കും. നേരത്തെ സീറ്റിനായി അവകാശവാദം ഉന്നയിച്ച നേതാക്കളെ അനുനയിപ്പിച്ചതായാണ് വിവരം. യു.ഡി.എഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജ് എത്തുന്നതോടെ കോട്ടയം കേരളാ കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിനു വേദിയായും. പാർലമെൻ്ററിയനായും പാർട്ടി നേതൃനിരയിലും ക്ലീൻ ഇമേജിനുടമയായ ഫ്രാൻസിസ് ജോർജിന് കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ കെ.എം ജോർജിൻ്റെ മകനെന്ന മേൽവിലാസവും തുണയാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വം ജോസഫ് ഗ്രൂപ്പിന് തലവേദനയാണ്. മുമ്പ് മൽസരിച്ച ചെണ്ട ചിഹ്നനം , കലപ്പ യേന്തിയ കർഷകൻ എന്നിങ്ങനെ ഏതെങ്കിലും ലഭിക്കുമെന്ന് കരുതുന്നു. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കോർട്ടിലാണ്.
അതിനിടെ രണ്ടില ചിഹ്നത്തിൽ മാത്രം കഴിഞ്ഞ എട്ടുതവണ മത്സരിച്ച വ്യക്തിയെന്ന നിലയിലാണ് കേരളാ കോൺഗ്രസ് എം എല്‍.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ ഉയർത്തിക്കാട്ടുന്നത്. സാക്ഷാൽ കെ.എം മാണി കൈപിടിച്ച് പാർട്ടിയിൽ ചേർത്ത നേതാവെന്ന പ്രചാരണവും കോട്ടയം ജില്ലക്കാരനെന്ന മുൻതൂക്കവും ചാഴികാടന് കരുത്താണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് ഒപ്പം ചാഴികാടൻ പാലായിലെ കെ.എം മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി. റബർ വിലയും കാർഷിക മേഖലയിലെ മറ്റു വിഷയങ്ങളുമെല്ലാം തിരഞ്ഞെടുപ്പ് ചർച്ചകളെ ചൂടുപിടിപ്പിക്കുന്നുണ്ട്. എന്‍ഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ ത്രികോണ മത്സരത്തിന് കളം ഒരുങ്ങും.
Adjust Story Font
16