Quantcast

പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

80:20 റദ്ദ് ചെയ്ത കോടതി വിധി വസ്തുതകളെ പരിഗണിക്കാത്തതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

MediaOne Logo

Web Desk

  • Published:

    2 Jun 2021 2:59 PM GMT

പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്
X

80:20 റദ്ദ് ചെയ്‌ത കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അവശ്യപ്പെട്ടു. പാലോളി കമ്മീഷൻ ശുപാർശ വഴി നടപ്പിലാക്കിയ മുസ്‌ലിം ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി ആണ് നടപ്പിലാക്കേണ്ടത് എന്ന കോടതി വിധി ഭരണഘടനാ താൽപര്യങ്ങളെയും സാമൂഹിക നീതിയെയും അട്ടിമറിക്കുന്നതാണ്. വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന കുറ്റകരമായ ഈമൗനം വെടിയണമെന്നും അവർ ആവശ്യപ്പെട്ടു.

മുസ്‌ലിം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ഇല്ലാതെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിലെ പിണറായി സർക്കാറിന്റെ വഞ്ചനക്കെതിരെ നടത്തിയ നിയമ സഭാ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

80:20 റദ്ദ് ചെയ്ത കോടതി വിധി വസ്തുതകളെ പരിഗണിക്കാത്തതാണ്. മുസ്‍ലിങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനാണ്‌ പാലൊളി കമ്മീഷൻ. എന്നാൽ ഈ കമ്മീഷൻ ശിപാർശകൾ വഴി സ്ഥാപിതമായ സ്‌കോളർഷിപ്പുകൾ ഉൾപ്പടെയാണ് ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വസ്തുതകളുടെ ഒരു പിൻബലവുമില്ലാത്ത മുസ്‌ലിം വിരുദ്ധമായ പ്രചാരണങ്ങൾക്ക് വഴങ്ങി മുസ്‌ലിം സമുദായതിന്റെ അവകാശങ്ങൾ നഷ്ടപ്പെടുത്തിയത് ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്.

പൊതു സമൂഹത്തിൽ ഇത്തരം ചർച്ചകൾ ഉയർത്തിയവരുടെ താല്പര്യങ്ങളെ താൽക്കാലിക ലാഭത്തിനു വേണ്ടി മൗനസമ്മതം നൽകി എന്നുള്ളത് ഗൗരവം നിറഞ്ഞ കാര്യമാണ്. വസ്തുതകൾ ബോധ്യമാക്കുന്ന ധവളപത്രം പുറപ്പെടുവിച്ച് ഈ കുപ്രചരണങ്ങൾക്ക് തടയിടാനുള്ള ബാധ്യത സർക്കാറിനുണ്ട്. കോടതിയിൽ കേസ് നടക്കുമ്പോൾ വസ്തുതകൾ ഉന്നയിച്ചുകൊണ്ട് കാര്യങ്ങൾ ബോധിപ്പിക്കുവാൻ സർക്കാർ തയ്യാറായില്ല എന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് എന്നുകൂടി പൊതു സമൂഹത്തിനോട് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്.

പരിവർത്തിത ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ 1982 മുതൽ കോർപ്പറേഷൻ നിലവിൽ വന്നിട്ടുണ്ട്. എന്നിട്ടും സാമൂഹിക, സാമ്പത്തിക നിലയിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും പിന്നാക്കം തന്നെയാണ് ആ സമുദായം. ഇതിനെ കുറിച്ചു വിശദമായി പഠിക്കുകയും കൂടുതൽ ക്ഷേമ പദ്ധതികൾ ദലിത്- പരിവർത്തിത ക്രൈസ്തവർക്കായി പ്രഖ്യാപിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അല്ല, മറിച്ചു സാമൂഹിക പിന്നാക്കാവസ്ഥയുടെ തോതനുസരിച്ചായിരിക്കണം. നിലവിലെ വിധിപ്രകാരം പുതിയ അധ്യയന വർഷത്തിൽ മുസ്ലിം വിദ്യാർത്ഥികൾക്കും പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പല ക്ഷേമ പദ്ധതികളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ഇത്തരം വിദ്യാർഥികളുടെ ഉപരിപഠനത്തെ സാരമായി ബാധിക്കും. പിന്നാക്ക വിഭാഗങ്ങളുടെ ഇത്തരം അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നിയമ സഭാ മാർച്ചിൽ ആവശ്യപ്പെട്ടു.

നിയമസഭാ മാർച്ചിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുറഹീം, സംസ്ഥാന കമ്മിറ്റി അംഗം നൗഫ ഹാബി, ജില്ല സെക്രട്ടറിമാരായ അംജദ് റഹ്മാൻ, ഫായിസ്, മിർസ, ഷഹീൻ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story