Quantcast

സിദ്ദീഖ് കാപ്പൻ്റെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫ്രറ്റേണിറ്റി കത്തയച്ചു

നിർബന്ധിത സാഹചര്യങ്ങളില്ലാതെ സ്വേഛാധിപത്യപരമായി വിലങ്ങു വെക്കുന്നത് വ്യക്തിയെ അപമാനിക്കുന്നതും ഭരണഘടനയുടെ അനുഛേദം 14, 19 എന്നിവയുടെ ലംഘനവുമായാണ് പ്രസ്തുത വിധിയിൽ പരമോന്നത കോടതി നിരീക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-04-28 08:13:41.0

Published:

28 April 2021 8:07 AM GMT

സിദ്ദീഖ് കാപ്പൻ്റെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫ്രറ്റേണിറ്റി കത്തയച്ചു
X

സിദ്ദീഖ് കാപ്പൻ്റെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻ്റ് ഷംസീർ ഇബ്റാഹീം കത്തയച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഗുരുതരവും വേദനാജനകവുമായ അവസ്ഥയിലൂടെയാണ് കാപ്പൻ കടന്നു പോകുന്നത്. കസ്റ്റഡിയിലിരിക്കെ ഭക്ഷണവും ടോയ്ലറ്റ് സൗകര്യങ്ങളും നിഷേധിക്കുന്നത് കസ്റ്റഡിയിലെ പീഡനങ്ങളുടെ പരിധിയിൽ വരുന്നതാണ്. കൂടാതെ, തടവിലാണെങ്കിൽ പോലും കിടക്കയിലേക്കോ തൂണിലേക്കോ ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് പ്രേം ശങ്കർ vs ഡൽഹി അഡ്മിനിസ്ട്രേഷൻ കേസിലെ സുപ്രീം കോടതി വിധിയുടെ താല്പര്യത്തിന് വിരുദ്ധമാണ്, ഫ്രറ്റേണിറ്റി അയച്ച കത്തില്‍ പറയുന്നു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻ്റ് ഷംസീർ ഇബ്റാഹീം അയച്ച കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട (റിട്ട.)ജസ്റ്റിസ് എച്ച്.എൽ. ദത്തു,

നിലവിൽ യു പി യിലെ മഥുര ജയിലിൽ തടവിൽ കഴിയുന്ന മലയാളി പത്രപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഈ കത്തെഴുതുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കാൻ ഹഥ്റാസിലേക്ക് പുറപ്പെട്ട കാപ്പൻ 05.10.2020ന് മഥുരയിൽ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. 06.10.2020 ഫയൽ ചെയ്ത, 09.03.2021 ന് മുമ്പായി തീർപ്പാക്കേണ്ടിയിരുന്ന CRL No 307 ഹേബിയസ് കോർപ്പസ് റിട്ട്, 7ലധികം തവണ ലിസ്റ്റ് ചെയ്തിട്ടും ഇതുവരെ തീർപ്പാക്കപ്പെട്ടിട്ടില്ല.

20.04.2021 ന് ജയിൽ ബാത്ത് റൂമിൽ തളർന്നു വീണ സിദ്ദീഖ് കാപ്പന് വീഴ്ചയിൽ സാരമായ പരിക്കുകൾ സംഭവിച്ചതായും അദ്ദേഹം 21.04.2021 ന് കോവിഡ്-19 പോസിറ്റീവ് ആയതായും ഭാര്യ റൈഹാന സിദ്ദീഖിന് അറിയാൻ കഴിഞ്ഞു. കോവിഡ് ബാധിതനായതിനെ തുടർന്ന് 21.04.2021 ന് കെ എം മെഡിക്കൽ കോളേജിലേക്ക് എത്തിച്ച കാപ്പന് അടിസ്ഥാന നീതി പോലും നിഷേധിക്കപ്പട്ടു കൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ കട്ടിലിൽ ചങ്ങലയിട്ട് ബന്ധിപ്പിച്ച നിലയിൽ ടോയ്ലറ്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള സാധ്യത പോലും നിഷേധിച്ചിരിക്കുന്നു. 6 ദിവസത്തിലധികമായി നേരാംവണ്ണം ഭക്ഷണം കഴിക്കാനോ ടോയ്ലറ്റിൽ പോകാൻ പോലുമോ കഴിയാതെ അദ്ദേഹത്തിന്റെ അവസ്ഥ ദിവസം തോറും ഗുരുതരമായിക്കൊണ്ടിരിക്കുകയാണ് .

അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഗുരുതരവും വേദനാജനകവുമായ അവസ്ഥയിലൂടെയാണ് കാപ്പൻ കടന്നു പോകുന്നത്. കസ്റ്റഡിയിലിരിക്കെ ഭക്ഷണവും ടോയ്ലറ്റ് സൗകര്യങ്ങളും നിഷേധിക്കുന്നത് കസ്റ്റഡിയിലെ പീഡനങ്ങളുടെ പരിധിയിൽ വരുന്നതാണ്. കൂടാതെ, തടവിലാണെങ്കിൽ പോലും കിടക്കയിലേക്കോ തൂണിലേക്കോ ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് പ്രേം ശങ്കർ vs ഡൽഹി അഡ്മിനിസ്ട്രേഷൻ കേസിലെ സുപ്രീം കോടതി വിധിയുടെ താല്പര്യത്തിന് വിരുദ്ധമാണ്. നിർബന്ധിത സാഹചര്യങ്ങളില്ലാതെ സ്വേഛാധിപത്യപരമായി വിലങ്ങു വെക്കുന്നത് വ്യക്തിയെ അപമാനിക്കുന്നതും ഭരണഘടനയുടെ അനുഛേദം 14, 19 എന്നിവയുടെ ലംഘനവുമായാണ് പ്രസ്തുത വിധിയിൽ പരമോന്നത കോടതി നിരീക്ഷിക്കുന്നത്. ഭരണ ഘടനാ അനുച്ഛേദം19 മുന്നോട്ട് വെക്കുന്ന ചലന സ്വാതന്ത്യം ഒരു തടവുകാരനു പോലും (വിലങ്ങു വെച്ചുകൊണ്ട്) വെട്ടിക്കുറക്കുവാൻ കഴിയുന്നതല്ല.

അതിനാൽ, പത്രപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ഗുരുതരമായ അവസ്ഥപരിഗണിച്ചു കൊണ്ട് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ:

1) മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ തടവിൻ്റെ അവസ്ഥകളെ സംബന്ധിച്ച പൂർണവും സ്വതന്ത്രവുമായ അന്വേഷണം NHRC ഏർപ്പെടുത്തുക

2) സിദ്ധിഖ് കാപ്പന് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.

3) നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ തീവ്രത അനുസരിച്ച് ഇരക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക

4) സിദ്ദീഖ് കാപ്പൻ്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിതമാക്കുന്നതിനാവശ്യമായ നടപടികൾക്കായി മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 16 ന്റെയും 18 ന്റെയും കീഴിൽ സുപ്രീം കോടതിയെ സമീപിക്കുക

5) തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശ സംരക്ഷണത്തിനാവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കുക.

TAGS :

Next Story