ആട് ഗ്രാമം പദ്ധതിയില്‍ കുടുംബശ്രീ പ്രവർത്തകരെ വഞ്ചിച്ചതായി പരാതി
രോഗം ബാധിച്ച ആടുകളെ തിരികെ ഏറ്റെടുത്തു ഗുണനിലവാരമുള്ള ആടുകളെ നൽകിയില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ സമരം നടത്തുമെന്നാണ് കുടുംബശ്രീ പ്രവർത്തകരുടെ നിലപാട്.
ഹരിതം ആട് ഗ്രാമം പദ്ധതിയുടെ പേരിൽ കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരെ വഞ്ചിച്ചതായി പരാതി.
പ്രവർത്തകർക്ക് ഒരു ലക്ഷം രൂപ ലോൺ നൽകി രോഗം ബാധിച്ച് ചാവാറായ ആടുകളെയും ഗുണനിവാരം ഇല്ലാത്ത ആട്ടിൻകൂടും നൽകി എന്നാണ് ആക്ഷേപം. രോഗം ബാധിച്ച ആടുകളെ തിരികെ ഏറ്റെടുത്തു ഗുണനിലവാരമുള്ള ആടുകളെ നൽകിയില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ സമരം നടത്തുമെന്നാണ് കുടുംബശ്രീ പ്രവർത്തകരുടെ നിലപാട്.
ഇടമുളക്കൽ പഞ്ചായത്തിലെ പനച്ചവിള ഏഴാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. എട്ടു മാസത്തിനു മുമ്പ് ബാങ്കിൽ നിന്നും ആടിനും കൂടിനുമായി ഒരാൾക്ക് ഒരു ലക്ഷം വീതം വായ്പ അനുവധിച്ചിരുന്നു. പഞ്ചായത്ത് ആടിനെ വിതരണം ചെയ്യാൻ ഏൽപ്പിച്ചിരുന്ന ഏജൻസിയാണ് തുക കൈപ്പറ്റിയത്.
എന്നാൽ ഇവർക്ക് ലഭിച്ച ആട്ടിൻകുട്ടികൾ രോഗം ബാധിച്ച് ചാവാറായതാണെന്നും പാലുകുടി പോലും മാറാത്ത ആട്ടിൻ കുട്ടികൾക്കു പോലും 10,000 രൂപ വില ഈടാക്കി എന്നും കുടുംബശ്രീ പ്രവർത്തകർ പറയുന്നു. സ്വന്തമായി വീട് പോലുമില്ലാതെ വാടകവീട്ടിൽ താമസിക്കുന്ന വിധവകളടക്കമുള്ളവരാണ് പഞ്ചായത്തിന്റെ വാക്ക് വിശ്വസിച്ച് ഒരു ലക്ഷം രൂപ വീതം വായ്പ എടുത്തത്.
പലിശ ഉൾപ്പെടെ 1,26000 രൂപ ഇവർ തിരിച്ചടക്കണമെന്നുമാണ് കരാർ.
എന്നാൽ രോഗം ബാധിച്ച ആടിനെ ദിവസവും 250 രൂപ ഓട്ടോകൂലി മുടക്കി ആയൂരിലെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിൽസിക്കേണ്ട അവസ്ഥയിലാണ് കുടുംബശ്രീ പ്രവർത്തകർ.
Adjust Story Font
16