Quantcast

യുവാക്കൾക്കുള്ള തൊഴിലില്ലായ്‌മ വേതനത്തിൽ തട്ടിപ്പ്; ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിനതടവ്

തൊഴിലില്ലാത്ത യുവാക്കൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തിൽ വെട്ടിപ്പ് നടത്തി 15 ലക്ഷം തട്ടിയെന്നാണ് കേസ്

MediaOne Logo

Web Desk

  • Published:

    22 April 2024 2:06 PM GMT

tvm_corporation fraud case
X

തിരുവനന്തപുരം: തൊഴിലില്ലായ്‌മ വേതന വിതരണത്തിൽ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഠിനതടവ്. തൊഴിലില്ലായ്‌മ വേതനമായി യുവാക്കൾക്ക് നൽകേണ്ട പണം തട്ടിയ രണ്ട് ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.

അക്കൗണ്ട്സ് വിഭാഗം ക്ലാർക്ക് പി.എൽ ജീവൻ, ഹെൽത്ത് വിഭാഗം ക്ലാർക്ക് സദാശിവൻ നായർ എന്നിവരെയാണ് ശിക്ഷിച്ചത്. ആറേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 15 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2005-2006 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തൽ.

അഭ്യസ്ഥവിദ്യരായ, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് തൊഴിലില്ലായ്‌മ വേതനം. ഇതിൽ തിരിമറി നടത്തി 15,45,320 രൂപ വെട്ടിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 കേസ് രജിസ്റ്റർ ചെയ്‌ത്‌ കുറ്റപത്രം നൽകിയ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തിങ്കളാഴ്‌ച വിധി പറഞ്ഞത്.

അക്കൗണ്ട്സ് വിഭാഗം ക്ലർക്കായ പി.എൽ. ജീവൻ, ഹെൽത്ത് വിഭാഗം ക്ലാർക്കായ സദാശിവൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ആകെ 12 വർഷം കഠിനതടവും കൂടാതെ ഒന്നാം പ്രതിയായ ജീവന് 6,35,000 രൂപയും രണ്ടാം പ്രതിയായ സദാശിവൻ നായർക്ക് 6,45,000 രൂപയും പിഴ ചുമത്തി. റിമാൻഡ് ചെയ്‌ത പ്രതികളെ ജയിലിലേക്ക് അയച്ചു.

TAGS :

Next Story