പാലക്കാട് ഫുട്ബോൾ ലോകകപ്പിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ്; പ്രതി വിദേശത്തേക്ക് മുങ്ങി
മണ്ണാർക്കാട് സ്വദേശി ഷെഫീറിന്‍റെ കയ്യിൽ നിന്ന് മാത്രം പത്ത് കോടി രൂപയാണ് തട്ടിയത്
പാലക്കാട്: ഫുട്ബോൾ ലോകകപ്പിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ്. ലോകകപ്പിനായി ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ ടെണ്ടർ ലഭിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഐ.ടി കമ്പനി നടത്തുന്ന മണ്ണാർക്കാട് ചന്തപ്പടി സ്വദേശി റിഷാബിനെതിരെയാണ് പരാതി. റിഷാബിനെതിരെ കേസെടുത്തെങ്കിലും ഇയാൾ വിദേശത്തേക്ക് മുങ്ങി.
അടുത്ത സുഹൃത്തായ മണ്ണാർക്കാട് സ്വദേശി ടി.പി ഷെഫീർ അടക്കമുള്ളവരാണ് തട്ടിപ്പിന് ഇരയായത്. ലാപ്ടോപ്പും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും, ഖത്തർ ലോകകപ്പിന് വിതരണം ചെയ്യാനുള്ള ടെണ്ടർ ലഭിച്ചു എന്ന് പറഞ്ഞാണ് പലരിൽ നിന്നായി പണം വാങ്ങിയത്. ടി.പി ഷെഫീർ മാത്രം 10 കോടി രൂപ നൽകി. ആദ്യ ഘട്ടത്തിൽ ചെറിയ ലാഭ വിഹിതം നൽകിയതിനാൽ ഷെഫീർ ഉറ്റ സുഹൃത്തിനെ സംശയിച്ചില്ല.
കോടതി നിർദേശ പ്രകാരം മണ്ണാർക്കാട് പൊലീസ് റിഷാബിനെതിരെ കേസ് എടുത്തു. റിഷാബിന്‍റെ ഭാര്യയും, മാതാവും, സഹോദരനും ഉൾപെടെ 7 പേർ കൂടി കേസിലെ പ്രതികളാണ്. വിദേശത്തേക്ക് കടന്ന റിഷാബിനെ കുറിച്ച് യാതൊരു വിവരവുമില്ല. റിഷാബ് ഖത്തറിൽ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Adjust Story Font
16