രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ്; സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ
വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായര്‍ക്കെതിരെയാണ് നടപടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ്നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.
2008 ഏപ്രിൽ ഒന്നിനാണ് ഡിവൈഎഫ്ഐ നേതാവ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പാർട്ടി ധനശേഖരണം നടത്തി.അന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു ടി.രവീന്ദ്രൻ നായര്‍.
വിഷ്ണുവിന്റെ കുടുംബത്തിനുള്ള 11 ലക്ഷം രൂപ സഹായ ധനം നൽകിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനായി മാറ്റിവച്ചു. എന്നാൽ ഈ പണം രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി ഉയർന്നത്. ഇതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി.
രക്തസാക്ഷി ഫണ്ടില്‍ ചില ക്രമക്കേടുകള്‍ നടന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ പാർട്ടിയുടെ പ്രാഥമികാഗംത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്യാനാണ് തീരുമാനമെടുത്തത്. ഫണ്ട് തട്ടിപ്പിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി പാർട്ടിയും പൊലീസിന് കൈമാറിയിട്ടില്ല. വിഷ്ണു വധക്കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാരാണെന്ന് കീഴ് ക്കോടതി വിധി ഹൈകോടതി തിരുത്തിയിരിന്നു.
Adjust Story Font
16