ഗൂഗിൾ പേ വഴി തട്ടിപ്പ്: കൊറിയര്‍ ഉണ്ടെന്ന വ്യാജേന യുവാവില്‍ നിന്ന് 44,000 രൂപ തട്ടിയെടുത്തതായി പരാതി
സൈബർ സെൽ അന്വേഷണം ആരംഭിച്ചു
കൊച്ചി: മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊറിയർ ഉണ്ടെന്ന വ്യാജേന യുവാവിൽ നിന്ന് പണം തട്ടിയതായി പരാതി.കൊച്ചിയിൽ ഗൂഗിൾ പേ വഴി നടത്തിയ തട്ടിപ്പിൽ 44,000 രൂപയാണ് ആലുവ സ്വദേശിക്ക് നഷ്ടമായത്. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിലേക്ക് കൊറിയർ ഉണ്ടെന്ന പേരിലുളള ഫോൺ വിളി ആലുവയിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമലിന് ലഭിച്ചത്. സ്ഥലം കൃത്യമായി അറിയാൻ ഫോം പൂരിപ്പിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. സ്ഥാപനത്തിലേക്ക് കൊറിയറിൽ മരുന്നുകൾ എത്താറുളളതിനാൽ അമലിന് ആദ്യം സംശയം തോന്നിയില്ല. അങ്ങനെ സ്ഥാപനത്തിന്റെ മേൽവിലാസവും മൊബൈൽ നമ്പറും നൽകി. ഒപ്പം ആവശ്യപ്പെട്ടത് അനുസരിച്ച് ട്രാക്കിംഗ് സർവീസിനായി ഗൂഗിൾ പേ വഴി രണ്ട് രൂപയും നൽകി. എന്നാൽ ആലുവ എച്ച്.ഡി.എഫ്.സി ശാഖയിലെ അക്കൗണ്ടിൽ നിന്നും 44,000 രൂപ പിൻവലിച്ചു എന്ന സന്ദേശമാണ് പിന്നീട് അമലിന്റെ മൊബൈലിലേക്ക് എത്തിയത്.
പണം നഷ്ടമായതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആലുവ സിഐക്കും സൈബർ സെല്ലിനും അമൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
Adjust Story Font
16