കെ ഫോണിൽ കല്ലുകടി; ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഇന്‍റര്‍നെറ്റ് പ്രഖ്യാപനം ഇഴയുന്നു
ജൂണില്‍ ഉദ്ഘാടനം, ആ മാസം തന്നെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 ബിപിഎല്‍ കുടുംബങ്ങളില്‍ വീതം സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം.
തിരുവനന്തപുരം: പതിനാലായിരത്തോളം ബിപിഎല്‍ കുടുംബങ്ങളില്‍ സൗജന്യ ഇന്‍റര്‍നെറ്റ് എത്തിക്കുമെന്ന കെ ഫോണ്‍ പ്രഖ്യാപനത്തില്‍ കല്ലുകടി. 5300 കുടുംബങ്ങളിലാണ് ഇപ്പോഴും കണക്ഷന്‍ നല്‍കാനായത്. പ്രതിസന്ധി പരിഹരിക്കാനായി തദ്ദേശ സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ സഹായം കണക്ഷന്‍ നല്‍കേണ്ട കേരള വിഷന് ഇപ്പോള്‍ കെ ഫോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ കണക്ഷന്‍ നല്‍കുന്ന കാര്യത്തിലും സമയബന്ധിതമായി ലക്ഷ്യം പൂര്‍ത്തിയാക്കാനായിട്ടില്ല.
ജൂണില്‍ ഉദ്ഘാടനം, ആ മാസം തന്നെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 ബിപിഎല്‍ കുടുംബങ്ങളില്‍ വീതം സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. പിന്നീട് അത് തിരുവോണത്തിന് എന്നാക്കി. 14000 കുടുംബങ്ങളില്‍ സൗജന്യ കണക്ഷന്‍ നല്‍കുകയെന്ന ലക്ഷ്യം പക്ഷേ ഇപ്പോഴും പാതിവഴിയിലാണ്. കഴിഞ്ഞ ആഴ്ച വരെ നല്‍കിയത് 5303 വീടുകളില്‍ മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ പട്ടികയില്‍ അപൂര്‍ണതയാണ് പ്രതിസന്ധിയെന്ന് കരാറെടുത്ത കേരള വിഷന്‍ കെ ഫോണിനെ അറിയിച്ചിരുന്നു. ഇതിന് പരിഹാരം കാണാനാണ് തദ്ദേശ സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ പട്ടിക സേവനദാതാവിന് ഇപ്പോള്‍ കൈമാറിയത്.
എന്നിട്ടും വേണ്ടത്ര വേഗതയില്ല. ഡിസംബര്‍ അവസാനത്തോടെയെങ്കിലും പൂര്‍ത്തിയാക്കാനാണ് തിരിക്കട്ട ശ്രമം. പൊതു വിദ്യാലയങ്ങളുടെ കാര്യത്തിലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല. 7700 ഇടങ്ങളിലാണ് പദ്ധതി പ്രാവര്‍ത്തികമായത്. ഇതില്‍ തന്നെ ഹൈടക് ക്ലാസ് റൂമുകളുള്ള 4752 സ്കൂളുകളുടെ പട്ടിക കെ ഫോണിന് കിട്ടാന്‍ വൈകിയതും തിരിച്ചടിയായി. ഇത്തരം ക്ലാസ് റൂമുകളുള്ള സ്കൂളുകളില്‍ 1600 ഇടത്ത് മാത്രമാണ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായത്. കെ ഫോണ്‍ പ്രതീക്ഷിച്ച് ബിഎസ്എന്‍എല്‍ കണക്ഷന്‍ റദ്ദാക്കിയ സ്കൂളുകള്‍ വലയുകയും ചെയ്തു.
റോഡ് വികസനം നടക്കുന്നതിനാല്‍ ലക്ഷ്യമിട്ടതില്‍ 5000 കിലോ മീറ്റര്‍ കുറവിലാണ് കേബിള്‍ വലിക്കാനായത്. അതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പലയിടത്തും കണക്ഷന്‍ എത്തുന്നതും ഇനിയും നീളും. വാണിജ്യ കണക്ഷന്‍ ഇതുവരെ നല്‍കിയത് 797 ഇടത്താണ്. 1760 കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുമായി കണക്ഷന്‍ എത്തിക്കുന്നതിന് കരാര്‍ അടുത്തിടെ ഒപ്പുവച്ചു. കണക്ഷന്‍ നല്‍കുന്നതിനുള്ള സ്വിച്ചുകള്‍ ലഭ്യമാക്കാന്‍ കെ ഫോണ്‍ ടെൻഡര്‍ ക്ഷണിച്ചു. ഈ നടപടി ക്രമം പൂര്‍ത്തിയാക്കി സ്വിച്ചുകള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭ്യമാക്കുന്നതോടെ വാണിജ്യ കണക്ഷന്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16