ഫ്രീ സിദ്ദിഖ് കാപ്പൻ; ട്വിറ്ററിൽ ട്രൻഡിങ്ങായി ഹാഷ്ടാഗ്
#JournalismIsNotACrime എന്ന ഹാഷ്ടാഗും ട്രന്റിങ്ങാണ്.
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് -#FreeSiddiqueKappan- ട്വിറ്ററിൽ ട്രൻഡിങ്. ഞായറാഴ്ച വൈകിട്ട് മാത്രം മുപ്പത്തി അയ്യായിരത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടൊപ്പം #JournalismIsNotACrime എന്ന ഹാഷ്ടാഗും ട്രന്റിങ്ങാണ്.
കോവിഡ് ബാധിച്ച സിദ്ദീഖിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്. സിദ്ദീഖിനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 11 എംപിമാർ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തു നൽകിയിട്ടുണ്ട്.
'മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല' - കത്തിൽ പറയുന്നു.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് ഭാര്യ റൈഹനത്ത് ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാൻ പറ്റുമെന്ന് ഉറപ്പാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
'മുഖ്യമന്ത്രിക്ക് നിയമത്തിന്റെ വഴിയിൽ ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കാം. എന്നാൽ ഒരു കത്തയക്കുമ്പോഴേക്ക് മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് അതിന്റെ പരിമിതി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പാണ് പേടിയെങ്കിൽ അതൊക്കെ കഴിഞ്ഞില്ലേ? ഇനിയുമെന്തെങ്കിലും പറഞ്ഞുകൂടേ? വോട്ടൊക്കെ പെട്ടിയിലായല്ലോ?' - അവർ ചോദിച്ചു.
Adjust Story Font
16