ഇന്ധനവില താങ്ങുന്നില്ല; കെ.എസ്.ആർ.ടി.സിയിൽ പിരിച്ചുവിടൽ വേണ്ടി വന്നേക്കുമെന്ന് ഗതാഗത മന്ത്രി
മുടങ്ങാതെ ശമ്പളം നൽകാനാകുമോയെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു
കെ.എസ്.ആർ.ടി.സിയിൽ പിരിച്ചുവിടൽ വേണ്ടി വന്നേക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിക്കിടെ വർധിച്ചു വരുന്ന ഇന്ധനവിലയിൽ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയുടെ പരാമർശം. ജീവനക്കാർക്ക് ലേ ഓഫ് ഏർപ്പെടുത്തേണ്ടി വരുമെന്ന ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ധന വില വർധന കെ.എസ്.ആർ.ടി.സിയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. മുടങ്ങാതെ ശമ്പളം നൽകാനാകുമോയെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു. ഇത് പിണറായി സർക്കാർ ഉണ്ടാക്കിയ പ്രതിസന്ധിയല്ലെന്നും കെ.എസ്.ആർ.ടി.സിയിൽ കെ-സ്വിഫ്റ്റുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയേറെ സാമ്പത്തിക പ്രശ്‌നം ഉണ്ടായിട്ടും ശമ്പള പരിഷ്‌കരണം നടത്തിയെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 114.33 രൂപയും ഡീസലിന് 101.24 രൂപയും, തിരുവനന്തപുരത്ത് പെട്രോളിന് 116.21 രൂപയും ഡീസലിന് 103 രൂപയും, കോഴിക്കോട് പെട്രോൾ 114.47, ഡീസൽ 101.04 എന്നിങ്ങനെയാണ് വില. കഴിഞ്ഞ രണ്ട് ആഴ്ചയിൽ പെട്രോളിന് ലിറ്ററിന് കൂടിയത് 9.59 രൂപയും ഡീസലിന് 9.26 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.
Adjust Story Font
16