മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; അമ്മയും സുഹൃത്തും കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും
കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാനിഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്
കൊച്ചി: കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും. മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അമ്മ അശ്വതി,സുഹൃത്ത് ഷാനിഫ് എന്നിവരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. പിന്നീട് പിതാവുമായും അമ്മയുടെ കുടുംബവുമായും ഷാനിഫിന്‍റെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ ഇവരാരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല.തുടര്‍ന്നാണ് സംസ്കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. നാളയോ മറ്റന്നാളോ സംസ്കാരം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാനിഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊച്ചി കറുകപ്പിള്ളിയിലായിരുന്നു ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകി.
കുഞ്ഞിന്റെ അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്ന വിവരം അമ്മ മറച്ചുവെച്ചുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചത് സ്വാഭാവിക മരണം ഉറപ്പുവരുത്താനായിരുന്നെന്നും നേരത്തെ കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കേറ്റിരുന്നെന്നും പൊലീസ് പറയുന്നു.
കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് യുവതിയും സുഹൃത്തും ആദ്യം നല്‍കിയ മൊഴി. പിന്നീടാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Adjust Story Font
16