കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണത്തിന് കോടതി ഉത്തരവ്
പ്രത്യേക അന്വേഷണ സംഘം നാളെ സതീഷിന്‍റെ മൊഴിയെടുക്കും
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്‍റെ മൊഴി ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിനായുള്ള സർക്കാരിന്‍റെ അപേക്ഷയിലാണ് ഇരിങ്ങാലക്കുട കോടതിയുടെ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം നാളെ സതീഷിന്‍റെ മൊഴിയെടുക്കും.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായി കർണാടകയില്‍ നിന്നും തൃശൂരിലെത്തിച്ച മൂന്നര കോടിയുടെ കള്ളപ്പണം കവർച്ച ചെയ്യപ്പെട്ട സംഭവമാണ് കൊടകര കേസ്. ഈ പണം ആറു ചാക്കുകളിലായി ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചിരുന്നുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു.
ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി സർക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നും ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ് കുമാര്‍ ഉത്തരവിട്ടു. സതീഷിന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. തൃശൂർ പൊലീസ് ക്ലബ്ബില്‍ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസ്. കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി വി.കെ രാജുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍.
Adjust Story Font
16