കെ.വി തോമസിന് മാസം പത്തു മുപ്പത് ലക്ഷം രൂപയാ കിട്ടുന്നെ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ?: ജി. സുധാകരൻ
സിപിഎമ്മിൽ ചില നേതാക്കൾ പ്രായം മറച്ചുവെച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

ആലപ്പുഴ: ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ വരുമാനം മാസം 30 ലക്ഷം രൂപയോളമെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കോളജ് പ്രൊഫസറുടെ പെൻഷൻ, എംപി, എംഎൽഎ പെൻഷൻ, ഡൽഹിയിൽ സർക്കാർ പ്രതിനിധി തുടങ്ങി പല രീതിയിൽ കെ.വി തോമസിന് സർക്കാർ വരുമാനമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
''ഡൽഹിയിലിരിക്കുന്ന കെ.വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്. രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തിൽ ശമ്പളം. കോളജ് പ്രൊഫസറുടെ പെൻഷൻ, എംഎൽഎയുടെ പെൻഷൻ, എംപിയുടെ പെൻഷൻ...ഒരു മാസം എത്ര ലക്ഷം രൂപ കിട്ടും? ഇത് പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ? പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യിൽ കിട്ടുന്നത്. അയാളാണെങ്കിൽ പഴയ കോൺഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങൾക്കെതിരെ മത്സരിച്ചയാൾ...നമ്മുടെ കൂടെ വന്നു എന്നതുകൊണ്ട് അത് വിടാം. എനിക്ക് 35000 രൂപയാണ് പെൻഷൻ കിട്ടുന്നത്. അതിൽ നിന്നാണ് 9000 രൂപ ലെവി കൊടുത്തത്. അതാണ് എന്റെ പാർട്ടി ബോധം''-സുധാകരൻ പറഞ്ഞു.
സിപിഎമ്മിൽ ചില നേതാക്കൾ പ്രായം മറച്ചുവെച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിൽ പദവികളിൽ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവർ മൂന്ന് വർഷത്തോളം വീണ്ടും പദവിയിൽ തുടരാനാവും. എപ്പോൾ 75 വയസ് കഴിയുന്നോ അപ്പോൾ പദവികളിൽ നിന്ന് ഒഴിയണമെന്നും സുധാകരൻ പറഞ്ഞു.
Adjust Story Font
16