'നമ്മളെ തളര്‍ത്തുന്ന രോഗമാണിത്, നിസ്സാരമായി കാണരുതേ'; ഗണേഷ് കുമാര്‍
'വന്നുകഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്. ഏറ്റവുമധികം ശ്രദ്ധിക്കണം, സൂക്ഷിക്കണം'
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുകയാണ് രാജ്യം. രോഗവ്യാപനവും മരണ നിരക്കും കൂടുകയാണ്. ഈ സാഹചര്യത്തില്‍ നിസ്സാരമായി കാണാതെ രോഗം വരാതെ നോക്കണമെന്ന് പറയുകയാണ് ഗണേഷ് കുമാര്‍ എംഎല്‍എ. കോവിഡ് ബാധിതനായ ശേഷമുള്ള അവസ്ഥയാണ് അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചത്.
'രോഗം വന്നവർക്ക് അറിയാം. ചിലർക്ക് വലിയ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യൂമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാൽ വലിയ അപകടമുണ്ടാകും. മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റ് രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനേ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാൻഡര്‍ പോലും ഉണ്ടാവില്ല. ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും അരികില്‍ വരാന്‍ കഴിയില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാനാകില്ല.
ഇന്ന് കാണുന്നതായിരിക്കില്ല നാളെ. രോഗത്തിന്റെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം. ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ പ്രാർഥനയും ദൈവവും മാത്രമേയുള്ളൂ. കോവിഡ് തുടക്കം മുതല്‍ മണ്ഡലത്തില്‍ എല്ലായിടത്തും ഓടിയെത്തി സഹായമെത്തിച്ചപ്പോഴും ഞാന്‍ സുരക്ഷിതനായിരുന്നു. വളരെ ശ്രദ്ധയോടെയാണ് നീങ്ങിയത്. എന്നിട്ടും രോഗം പിടിപെട്ടു. വലിയ ബുദ്ധിമുട്ടായിരുന്നു. നിങ്ങൾ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാൻ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. നമ്മളെ ശാരീരികമായും മാനസികമായും ആകെ തളർത്തുന്ന മാരക രോഗമാണിത്. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്. ഏറ്റവുമധികം ശ്രദ്ധിക്കണം, സൂക്ഷിക്കണം'– ഗണേഷ് കുമാര്‍ പറഞ്ഞു.
Please be careful dears 🙏 share and help others
Posted by Tiny Tom on Saturday, April 17, 2021
Adjust Story Font
16