നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി വീണ്ടും പൊലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു
പൊലീസിനെ കണ്ട റോബിൻ മീനച്ചിലാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു
കോട്ടയം: കുമാരനെല്ലൂരിൽ നായക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് വീണ്ടും പൊലീസിനെ കബളിച്ച് കടന്നു കളഞ്ഞു. കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. നായ്ക്കളെ ആക്രമണത്തിന് ഉപയോഗിച്ച റോബിനെതിരെ കൂടുതൽ വകുപ്പ് ചുമത്താൻ പൊലീസ് നിയമോപദേശം തേടി.
18 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി റോബിൻ ജില്ല വിട്ടതായാണ് സൂചന. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അന്വേഷണ സംഘം ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന കോശമറ്റം കോളനി ഭാഗത്ത് എത്തി. പൊലീസിനെ കണ്ട റോബിൻ മീനച്ചിലാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതായും വിവരമുണ്ട്. ഇയാൾക്ക് ഒളിവിൽ പോകാൻ പ്രാദേശിക സഹായം ലഭിച്ചതായാണ് നിഗമനം. റോബിൻ മൊബൈൽ ഫോണും എടിഎം കാർഡും ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സഞ്ചാര പാത കണ്ടുപിടിക്കുന്നതിൽ അന്വേഷണ സംഘത്തിനു പ്രതിസന്ധിയുണ്ട്. അതിനിടെ റോബിൻ്റെ ഡെൽറ്റ കെന്നൽ നയൻ എന്ന നായ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന നായ്ക്കളെ ഉടമകൾക്ക് കൈമാറി. മണർകാട് പോലീസ് സ്റ്റേഷനിൽ 2019ൽ റോബിനെതിരെ കഞ്ചാവ് കേസുണ്ട്. പിടികൂടിയ കഞ്ചാവ് എവിടെ നിന്നും വാങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Adjust Story Font
16