നവകേരള സദസ്സില്‍ ഗ്യാസിന് വിലക്ക്; സമ്മേളനവേദിക്ക് സമീപത്തെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുത്!
ആലുവ ഈസ്റ്റ് പൊലീസാണ് നോട്ടീസ് നൽകിയത്
പ്രതീകാത്മക ചിത്രം
കൊച്ചി: നവ കേരള സദസ്സിന്‍റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര നിർദ്ദേശവുമായി പൊലീസ്. എറണാകുളം ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് നിർദേശം നൽകിയത്. ഭക്ഷണം മറ്റിടങ്ങളിൽ വച്ച് പാചകം ചെയ്തശേഷം കടയിൽ എത്തിച്ച് വിൽക്കണമെന്നും സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നുമാണ് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നത്.
കടകളിലെ ജീവനക്കാർക്ക് പരിശോധനകൾ നടത്തിയ ശേഷം തിരിച്ചറിയൽ കാർഡുകൾ പോലീസ് സ്റ്റേഷനിൽ നിന്നും നൽകും. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത ജീവനക്കാരെ കടകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. നവ കേരള സദസ്സിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഈ മാസം ഏഴിന് ആലുവയിൽ എത്തിച്ചേരാൻ ഇരിക്കെയാണ് പൊലീസ് നിർദ്ദേശം.
അതേസമയം നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
Adjust Story Font
16