യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രചരിപ്പിക്കേണ്ടത് സ്നേഹത്തിന്‍റെ കഥകള്‍: ഗീവര്‍ഗീസ് കൂറിലോസ്
ഫേസ് ബുക്ക് പേജിലാണ് ഗീവർഗീസ് കൂറിലോസിന്‍റെ പ്രതികരണം
ഗീവര്‍ഗീസ് കൂറിലോസ്
കോട്ടയം: ക്രൈസ്തവ സഭകൾ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്. സ്നേഹത്തിന്‍റെ കഥകളാണ് സഭകൾ പ്രചരിപ്പിക്കേണ്ടതെന്നും വിദ്വേഷത്തിന്‍റെ കഥകൾ പ്രചരിപ്പിക്കരുതെന്നും നിരണം മുൻ ഭദ്രാസനാധിപൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് ഗീവർഗീസ് കൂറിലോസിന്‍റെ പ്രതികരണം.
ഗീവര്‍ഗീസ് കൂറിലോസിന്‍റെ കുറിപ്പ്
''യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും "ലവ് സ്റ്റോറി " ( സ്നേഹത്തിന്‍റെ കഥകൾ) കളാണ്, മറിച്ച് "ഹേറ്റ് സ്റ്റോറി " ( വിദ്വേഷത്തിന്‍റെ കഥകൾ ) കളല്ല.
വിശാസോത്സവത്തിന്‍റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിനിമയുടെ പ്രദര്‍ശനം. വിശ്വാസ പരിശീലന പരിപാടിയോടനുബന്ധിച്ച് പത്ത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് നൽകിയ ബുക്കിൽ ലൗ ജിഹാദിനെതിരെയും പരാമർശമുണ്ട്. യുവതീ യുവാക്കളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുകയാണെന്നും ഇതിൽ അവബോധം നൽകാൻ വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം.
പ്രദര്‍ശനം ചര്‍ച്ചയായതിനു പിന്നാലെ താമരശേരി,തലശേരി രൂപതകളും കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെ.സി.വൈ.എമ്മിന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ആര്‍.എസ്.എസ് അജണ്ടയായ ചിത്രം പ്രദർശിപ്പിക്കുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്‍ലിം - കമ്മ്യൂണിസ്റ്റ് - കേരള വിരുദ്ധമാണ് സിനിമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സിനിമ പ്രദർശനത്തിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. മതസ്പർധ പ്രചരിപ്പിക്കാനാണ് ചിത്രം പ്രദർശിപ്പിക്കുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി പറഞ്ഞു.
Adjust Story Font
16