ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിനെതിര്; അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല നമ്മൾ ജീവിക്കുന്നത്-വെള്ളാപ്പള്ളി നടേശൻ
''ക്രിസ്ത്യൻ, മുസ്‌ലിം കോളജുകളിൽ ആണും പെണ്ണും കെട്ടിപ്പിടിച്ച് ബെഞ്ചിലും ഡെസ്‌കിലും ഇരിക്കുന്നത് കാണില്ല. എൻ.എസ്.എസ്-എസ്.എൻ.ഡി.പി കോളജുകളിലെല്ലാം അരാജകത്വമാണ്. ഹിന്ദുക്കളുടെ കോളജുകളിൽ പഠിക്കുന്നവരാണ് ഇതിനെല്ലാം ഇരയാകുന്നത്.''
കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിന് എതിരാണെന്ന് വെള്ളാപ്പള്ളി നടേശൻ. കുട്ടികളെ ഒന്നിച്ചിരുത്തുന്നത് സംസ്‌കാരം നശിക്കാൻ കാരണമാകും. എന്നാൽ, സർക്കാർ മതാധിപത്യത്തിന് അടിമപ്പെടുന്നതുകൊണ്ടാണ് ജെൻഡർ ന്യൂട്രൽ തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്.എൻ.ഡി.പിക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടേത് ഭാരത സംസ്‌കാരമാണ്. നമ്മൾ അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല ജീവിക്കുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്ന് കെട്ടിപ്പിടിക്കുന്ന സംസ്‌കാരമല്ല ഭാരത്തത്തിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
''ക്രിസ്ത്യൻ കോളജുകളിലും മുസ്‌ലിം കോളജുകളിലും ചെന്നാൽ ആണും പെണ്ണും കെട്ടിപ്പിടിച്ച് ഒന്നിച്ച് ബെഞ്ചിലും ഡെസ്‌കിലും പുറത്തും ഇരിക്കുന്നത് കാണാൻ പറ്റില്ല. പക്ഷെ, എൻ.എസ്.എസ്-എസ്.എൻ.ഡി.പി കോളജുകളിലെല്ലാം അരാജകത്വമാണ്. പെൺകുട്ടികൾ ആൺകുട്ടികളുടെ മേലിൽ കാൽ വച്ച് കാടിൽ കിടക്കുന്നു. അവർ കെട്ടിപ്പിടിച്ച് ഗ്രൗണ്ടിൽ നടക്കുന്നു. ഇത് രക്ഷാകർത്താക്കളെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ കോളജുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇതിനെല്ലാം ഇരയാകുന്നത്.''
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് ശരിയല്ല. അതു ഭാരത സംസ്‌കാരത്തിന് എതിരാണ്. ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിൽ കുട്ടികളെ ഒന്നായി ഇരുത്തുന്നത് ശരിയല്ല. സംസ്‌കാരവും കുടുംബവും അച്ഛനും അമ്മമാരും തമ്മിലുള്ള ബന്ധവുമെല്ലാം ഇതിലൂടെ നശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പല നിലപാടുകളിലും ഞങ്ങൾക്ക് വിഷമമുണ്ട്. ആണും പെണ്ണും ഒന്നാണെന്നും ലിംഗസമത്വമുമെല്ലാം പറഞ്ഞ ശേഷം അതു നടപ്പാക്കില്ലെന്നു പറയുകയാണ് സർക്കാർ ചെയ്തത്. ഒരു മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് ഒരു ഐ.എ.എസുകാരൻ മദ്യപിച്ച് വാഹനമിടിച്ചു കൊന്നു. ഒരിക്കലും അയാൾ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അദ്ദേഹത്തെ ആലപ്പുഴയിൽ കലക്ടറായി നിയമിച്ചു. അപ്പോൾ ഒരു സമുദായം സമ്മർദവുമായി 14 ജില്ലകളിൽ ഒന്നിച്ച് സമരം നടത്തിയപ്പോൾ അത് റദ്ദാക്കേണ്ടിവന്നു. പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം വിഴുങ്ങേണ്ടിവരുന്നത് മതേതര സമൂഹമെന്നു പറയുന്ന കേരളം മതാധിപത്യത്തിന് അടിമപ്പെട്ടുപോകുന്നതിന്റെ തെളിവാണ്. അത് നല്ലൊരു സന്ദേശമല്ല സമൂഹത്തിനു നൽകുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
എം.വി ഗോവിന്ദനെ സി.പി.എം സെക്രട്ടറിയാക്കിയത് നല്ല തീരുമാനമാണെന്നും പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ മന്ത്രിമാർക്ക് പ്രാഗത്ഭ്യം തെളിയിക്കാൻ വേണ്ടത്ര അവസരം ലഭിക്കുന്നില്ല. ഭാവിയിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. സജി ചെറിയാൻ കൊള്ളാവുന്ന മന്ത്രിയായിരുന്നു. തിരികെ കൊണ്ടുവരാവുന്ന മന്ത്രിയാണ് അദ്ദേഹം. ആരോഗ്യ വകുപ്പിനെ കുറിച്ച് ആക്ഷേപങ്ങളുണ്ട്. കഴിഞ്ഞ ആരോഗ്യ മന്ത്രിയുടെ അത്ര പുതിയ മന്ത്രി എത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Summary: ''Girls and boys sitting together is against Indian culture'' Vellappally Natesan criticizes gender neutrality policy
Adjust Story Font
16