വീണാ ജോർജിനെ ആക്ഷേപിക്കുന്നതിനെതിരെ സിപിഎമ്മിന്റെ പൊതുസമ്മേളനം
വീണാ ജോർജിന്റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്റ് വിവാദം നിലനിൽക്കുന്നതിനിടെയാണ് പൊതുസമ്മേളനം
പത്തനംത്തിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്ഷേപിക്കുന്നതിന് മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു എന്ന് ആരോപിച്ച് പൊതുസമ്മേളനം സംഘടിപ്പിച്ച് സിപിഎം. കൊടുമൺ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്റ് വിവാദം നിലനിൽക്കുന്നതിനിടെയാണ് പൊതുസമ്മേളനം. ഓട നിർമ്മാണം തടഞ്ഞ സിപിഎം നേതാവും കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ കെ ശ്രീധരനും, നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണം നേരിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനവും പരിപാടിയിൽ പങ്കെടുത്തു.
ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതിന്റെ തൊട്ടടുത്ത ദിവസമാണ് സിപിഎം സമ്മേളനം നടത്തിയത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു. സമീപത്തെ കോൺഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം നടന്നപ്പോൾ മന്ത്രിയുടെ ഭർത്താവിനെ അളക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നിരുന്നു. റവന്യൂ അധികൃതർ മേഖലയിലെ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെയാണ് കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.
വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടെന്ന് യുഡിഎഫാണ് ആരോപിച്ചത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചുണ്ടിക്കാട്ടി സിപിഎം അത് തള്ളിയിരുന്നു. ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഓട നിർമ്മാണത്തിൽ മാറ്റം കൊണ്ടു വന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞത്. ജില്ലാ സെക്രട്ടറി നേരിട്ടെത്തി അലൈൻമെന്റ് മാറ്റിയെന്ന കോൺഗ്രസ് ആരോപണവും ഉദയഭാനു നിഷേധിച്ചിരുന്നു.
ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റം വരുത്തി എന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
Adjust Story Font
16