Quantcast

കേരളം ഭരിക്കുന്ന ഇടതു മതേതരരുടെ മുൻകൈയിൽ നടക്കുന്നതും വംശഹത്യ: കെ.കെ ബാബുരാജ്

ഒരു വിഭാഗത്തിന്‍റെ സ്വത്തുക്കൾ അന്യായമായി പിടിച്ചെടുക്കുന്നതും വംശഹത്യ പദ്ധതിയുടെ ഭാഗം തന്നെയാണ്

MediaOne Logo

Web Desk

  • Published:

    21 Feb 2023 7:50 AM GMT

KK Baburaj
X

കെ.കെ ബാബുരാജ്

കോഴിക്കോട്: ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം ഈടാക്കുന്നതിന്‍റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി യഥാര്‍ഥത്തില്‍ വംശഹത്യ തന്നെയല്ലേ എന്ന് ദലിത് ചിന്തകനും സാമൂഹിക നിരീക്ഷകനുമായ കെ.കെ ബാബുരാജ്. ഒരു വിഭാഗത്തിന്‍റെ സ്വത്തുക്കൾ അന്യായമായി പിടിച്ചെടുക്കുന്നതും വംശഹത്യ പദ്ധതിയുടെ ഭാഗം തന്നെയാണ്. കേരളം ഭരിക്കുന്ന ഇടതു മതേതരരുടെ മുൻകയ്യിലാണ് ഇതു നടപ്പിലാക്കുന്നതെന്നും ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ബാബുരാജിന്‍റെ കുറിപ്പ്

രണ്ടു ദിവസത്തെ മാധ്യമം പത്രത്തിൽ വന്ന വാർത്തയാണ്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ നഷ്ടം കണക്കായിട്ടുള്ളത് 5.20 കോടിയാണ്. എന്നാൽ സർക്കാർ കണ്ടുകെട്ടിയത് ഇരുപത്തിയഞ്ച് കോടിയിലധികമാണ്. ഈ സ്വത്തുക്കൾ ആ സംഘടനയുടെ ഓഫീസും മറ്റുമല്ല. മറിച്ചു അവരുടെ മുൻകാലപ്രവർത്തകരുടെ വീടുകളും സ്ഥലങ്ങളുമാണ്. സത്യത്തിൽ ഈ നടപടിയും വംശഹത്യ തന്നെയല്ലേ?. ആൾക്കാരെ കൊല്ലുന്നതും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതും മാത്രമല്ല, ഒരു വിഭാഗത്തിന്‍റെ സ്വത്തുക്കൾ അന്യായമായി പിടിച്ചെടുക്കുന്നതും വംശ ഹത്യ പദ്ധതിയുടെ ഭാഗം തന്നെയാണ്. കേരളം ഭരിക്കുന്ന ഇടതു മതേതരരുടെ മുൻകയ്യിലാണ് ഇതു നടപ്പിലാക്കുന്നത്. മുസ്ലീം സംഘടനകൾ ആർ. എസ്. എസുമായി ചർച്ച നടത്തുന്നതിൽ കണ്ണീർ വീഴ്ത്തുന്ന ഒരാളും നിശബ്ദമായി നടക്കുന്ന ഇത്തരം നടപടികളെ പറ്റി പ്രതികരിച്ചതായി കണ്ടില്ല.

മുസ്ലീം സംഘടനകളും ആർ. എസ്. എസുമായി ചർച്ച ചെയ്യുന്നതിനെ എതിർക്കുന്ന പലരുടെയും അഭിപ്രായങ്ങൾ വായിച്ചപ്പോൾ മനസിലായ ഒരു കാര്യം, ഇത്തരത്തിലുള്ള ചർച്ചകൾ കൊണ്ടു മുസ്ലീം സമുദായത്തിനു എന്തു കുഴപ്പമാണ് വരാൻ പോകുന്നതെന്നു അവരിൽ ആരും പറയുന്നില്ലെന്നതാണ്. അവർ ഉദ്ദേശിക്കുന്നത് മുസ്ലീം സംഘടനകൾ ആർ. എസ്. എസിനു ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുന്നു എന്നതാണെന്നു തോന്നുന്നു.

മഹാത്മാ ഗാന്ധിയും സർദാർ പട്ടേലും ഡോ. എസ്. രാധാകൃഷ്ണനും അടക്കമുള്ളവർ ആർ. എസ്. എസിനെ ഒരു സാംസ്‌കാരിക പ്രസ്ഥാനമായി കണ്ടുകൊണ്ടു വളരെ മുൻപേ തന്നെ ലെജിറ്റിമസി ഉണ്ടാക്കിയിട്ടുണ്ട്. ഇന്നു ഭരണ തലത്തിലെ സർവ്വ മേഖലകളിലും സ്ഥാനം ഉറപ്പിക്കുകയും ഗ്രാമ -നഗര വ്യത്യാസമില്ലാതെ ഹിന്ദു ജനസംഖ്യയിൽ ആകമാനം പടർന്നു കയറുകയും ചെയ്തിട്ടുള്ള ആർ. എസ്. എസിനു തങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉന്നയിക്കുന്ന മുസ്ലീം സംഘടനകൾ ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവർ ഉദ്ദേശിക്കുന്നത് എന്താണാവോ. ആർ. എസ്. എസുമായുള്ള ചർച്ചകൾ മതേതര ചേരിയെ ദുർബലപ്പെടുത്തും എന്നു പറയുന്നതും ശരികേടാണ്.

ചർച്ചയിൽ പങ്കെടുത്ത മിക്കവാറും എല്ലാ സംഘടനകളും കോൺഗ്രസുമായി ബന്ധമുള്ളവരാണ്. ആർ. എസ്. എസ്. ഭരണത്തിൽ ഇന്ത്യയിലെ മുസ്ലീം സംഘടനകൾ മിക്കവയും നിരോധന ഭീഷണിയും സ്വത്തുകളുടെ കണ്ടുകെട്ടലും അഭിമുഖീകരിക്കുകയാണ്. ഈ സംഘടനകൾ അവസ്ഥയെ മുൻ‌കൂർ കണ്ടുകൊണ്ടു, സമുദായ താല്പര്യത്തെ ബലികൊടുക്കാതെ അതൊഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ കാലത്തെ തിരിച്ചറിയുന്നു എന്നാണ് പറയാനുള്ളത്.

TAGS :

Next Story