വിഷു ബംപറില്‍ വിജയികള്‍ക്ക് ലഭിക്കുക 6 കോടി 16 ലക്ഷം രൂപ: മലയാളികള്‍ തിരഞ്ഞ ആ ഭാഗ്യശാലികള്‍ ഇവരാണ്...
പലതവണ ഇരുവരും ചേര്‍ന്ന് ലോട്ടറി എടുത്തിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കാലം മലയാളികള്‍ തിരഞ്ഞ ആ ഭാഗ്യശാലികളെ ഒടുവില്‍ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോക്ടര്‍ എം. പ്രദീപ് കുമാര്‍, ബന്ധു എന്‍.രമേശ് എന്നിവര്‍ക്കാണ് വിഷു ബംപര്‍ ഒന്നാം സമ്മാനമായി 10 കോടി ലഭിച്ചിരിക്കുന്നത്. കന്യാകുമാരി മണവാളക്കുറിശ്ശി സ്വദേശികളായ ഡോ. എം. പ്രദീപ് കുമാറിനെയും ബന്ധു എന്‍.രമേശിനെയുമാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. ഈ മാസം 15ന് ബന്ധുവിനെ കൂട്ടാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും ലോട്ടറി എടുത്തത്. നാട്ടില്‍ ഉത്സവം നടക്കുകയായിരുന്നു. അതിനാല്‍ തന്നെ ലോട്ടറി അടിച്ച വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറിയുന്നത്. ഇതുമൂലമാണ് ലോട്ടറിയുമായി എത്താന്‍ വൈകിയതെന്ന് ഇരുവരും പറയുന്നു.
ഇന്ന് ഉച്ചക്ക് തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിലെത്തി രേഖകള്‍ കൈമാറി. പലതവണ ഇരുവരും ചേര്‍ന്ന് ലോട്ടറി എടുത്തിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. സമ്മാനത്തുക പങ്കിട്ടെടുക്കാനാണ് തീരുമാനം. ഒട്ടേറെ ബാധ്യതകളുണ്ടെന്നും അത് തീർക്കണമെന്നും കുറച്ച് തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്നും ഭാഗ്യശാലികള്‍ പറഞ്ഞു. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.
Adjust Story Font
16