Quantcast

ജയ്സിയെ കൊലപ്പെടുത്താൻ ഗിരീഷ് ട്രയൽ നടത്തിയത് രണ്ട് തവണ

ജയ്സി ഒരു വർഷത്തോളമായി അപ്പാർട്ട്മെൻറിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജയ്സിയുടെ കൈയിൽ പണമുണ്ടെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്

MediaOne Logo

Web Desk

  • Published:

    25 Nov 2024 12:48 PM GMT

kalammassey murder
X

കൊച്ചി: കളമശ്ശേരി കൂനംതൈയിലെ അപ്പാർട്ട്മെൻറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതം നടത്താൻ ​പ്രതി ട്രയൽ നടത്തിയത് രണ്ടുതവണ. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജയ്സി എബ്രഹാമാണ് നവംബർ 17 ന് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇൻഫോപാർക്കിലെ ജീവനക്കാരനും തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-A വീട്ടിൽ ഗിരീഷ്ബാബുവിനെയും ഗൂഡാലോചനക്കേസിൽ പ്രതിയായ തൃപ്പൂണിത്തുറ എരൂർ കരയിൽ റെയിൽവെ ലൈനിനു സമീപം ഖദീജയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഗിരീഷ് ബാബുവിന്റെ സുഹൃത്താണ് ഖദീജ. ഇരുവരുടെയും പൊതുസുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജയ്സി.

കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്ട്മെൻറിൻറ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജയ്സി ഒരു വർഷത്തോളമായി ഈ അപ്പാർട്ട്മെൻറിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന, ജയ്സിക്ക് അടുത്തിടെ വീട് വിറ്റ് പണം ലഭിച്ച കാര്യം പ്രതികൾക്ക് അറിയാമായിരുന്നു. പണത്തിന് ബുദ്ധിമുട്ടിയിരുന്ന പ്രതികൾ ജയ്സി പുതിയ സ്വർണ്ണവളകൾ വാങ്ങിയ വിവരം അറിഞ്ഞിരുന്നു. കൂടാതെ വീട് വിറ്റ് കിട്ടിയ പണം ജയ്സിയുടെ അപ്പാർട്ട്മെൻറിൽ ഉണ്ടാകുമെന്നും കരുതി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി രണ്ടു മാസം മുന്നേ തന്നെ പദ്ധതി തയ്യാറാക്കി. കൊലപാതകം നടത്തുന്നതിന് മുന്നോടിയായി ഗിരീഷ് ബാബു ജയ്സിയുടെ ഫ്ലാറ്റിന് സമീപം രണ്ടുവട്ടമെത്തി ട്രയൽ നടത്തിയിരുന്നു.

തുടർന്നാണ് ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത നവംബർ 17 (ഞായറാഴ്ച) തെരഞ്ഞെടുത്തത്. ഇതിനുവേണ്ടി ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ കോട്ടേഴ്സിന് സമീപമുള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെ ചുറ്റിക്കറങ്ങി സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലൈൻ റോഡിലെത്തി. അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകൾ മാറി കയറിയാണ് ജയ്സിയുടെ ഫ്ലാറ്റിൽ എത്തിയത്. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചായിരുന്നു മുഴുവൻ സമയവും സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് 10.20 ന് ശേഷം അപ്പാർട്ട്മെൻറിലെത്തിയ ഗിരീഷ് ജയ്സിയുമൊത്ത് മദ്യം കഴിച്ചു. മദ്യലഹരിയിൽ ആയ ജയ്സിയുടെ തലയ്ക്ക് ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് പലവട്ടം അടിച്ചു. നിലവിളിക്കാൻ ശ്രമിച്ച ജെയ്സിയുടെ മുഖം തലയിണയുപയോഗിച്ച് അമർത്തിപ്പിടിച്ചു. തുടർന്ന് മരണം ഉറപ്പാക്കിയ പ്രതി മരണം ആത്മഹത്യ എന്നു വരുത്താനായി ബോഡി വലിച്ചു നിലത്തിട്ട് ബാത്റൂമിലേക്ക് വലി​ച്ചിഴച്ചെത്തിച്ചു. അതിനു ശേഷം വസ്ത്രത്തി​ലെ രക്തം കഴുകിക്കളഞ്ഞു. ആ സമയം ധരിച്ചിരുന്ന ഷർട്ട് മാറി പ്രതി ബാഗിൽ കരുതിയിരുന്ന മറ്റൊരു ഷർട്ട് ധരിച്ച് ജയ്സിയുടെ രണ്ട് സ്വർണ്ണ വളകളും രണ്ട് മൊബൈല് ഫോണുകളും കവർന്ന ശേഷം ഫ്ലാറ്റ് മറ്റൊരു താക്കോൽ ഉപയോഗിച്ച് പുറത്ത് നിന്ന് പൂട്ടിയശേഷം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഫോൺ കോളുകൾ വഴി പൊലീസ് അന്വേഷണം നടത്തും എന്നതിനാൽ ഫോണിൽ ബന്ധപ്പെടാതെ നേരിട്ട് ഫ്ലാറ്റിൽ എത്തുകയായിരുന്നു പ്രതി. കൊലപാതകത്തിനു ശേഷം ഇക്കാര്യം പ്രതി കദീജയെ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെൻറിൻറ പരിസരത്ത് വെളുപ്പിനെയും മറ്റും പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇരുവരും വലയിലാവുകയായിരുന്നു.

TAGS :

Next Story