തൃത്താലയില്‍ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം
2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
പാലക്കാട് തൃത്താല കറുകപ്പുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ്, 2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കറുകപ്പുത്തൂർ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫൽ എന്ന പുലി, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, തൗസീവ് എന്നിവർക്കും കണ്ടാലറിയുന്ന മറ്റുള്ളവർക്കുമെതിരെ പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഹമ്മദും സുഹൃത്ത് നൗഫലും പെൺകുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയും വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടതായുമാണ് പരാതിയില്‍ പറയുന്നത്. ഭീഷണിപ്പെടുത്തി പെൺകുട്ടിക്ക് കഞ്ചാവും എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നും നൽകിയിരുന്നു.
സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിക്ക് പ്ലസ് ടു പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടെ ഇവരുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധമുണ്ടാക്കിയിരുന്നു. എന്നാല്‍, ജോലി വാഗ്ദാനം നൽകി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടില്‍ നിന്നും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
അഭിലാഷും സുഹൃത്തുക്കളായ ഷാഹുലും തൗസീഫും ചേർന്ന് പെൺകുട്ടിയെ പലസ്ഥലങ്ങളിൽ കൊണ്ടു പോവുകയും ലഹരി വസ്തുക്കൾ തുടർച്ചയായി നൽകുകയും ചെയ്തു. ഈ വിവരങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഭിലാഷിനൊപ്പം പല തവണ പെൺകുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
ഇതിനുപിന്നാലെ മൊബൈൽ ഫോണിൽ നിന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഫോട്ടോയുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചു. തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക പ്രശ്നമുളള പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ഷൊർണ്ണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെയും മൊഴി രേഖപ്പെടുത്തി.
Adjust Story Font
16