Quantcast

'തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ടാണ്'; നാസ്തിക സമ്മേളനത്തിൽ സിപിഎം നേതാവ് കെ. അനിൽകുമാർ‌

മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2 Oct 2023 7:36 AM

Published:

2 Oct 2023 7:34 AM

girls who says no to hijab in malappuram because the Communist Party came says CPM leader K Anil Kumar
X

തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണെന്ന് സിപിഎം നേതാവ് അഡ്വ. കെ. അനിൽകുമാർ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സൻസ് ​ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാറിന്റെ പരാമർശം.

സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും കെ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും സിപിഎം നേതാവ് പറഞ്ഞു. ഏകീകൃത സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ. അനിൽകുമാറിന്റെ വിവാദ പരാമർശങ്ങൾ.

അഡ്വ. കെ അനിൽകുമാറിന്റെ പ്രസം​ഗത്തിൽ നിന്ന്-

'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.

പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കിൽ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല. മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്നത് വർഗസമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്, കൃഷിക്കാരന്റെ പണിയാണ്. ആ കൃഷിക്കാരൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാവും. മതത്തിൽ വിശ്വസിക്കുന്നുണ്ടാവും. അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം'.


അതേസമയം, അനിൽകുമാറിന്റെ പ്രസ്താവനകൾക്കെതിരെ വിമർശനവും പ്രതിഷേധവുമായി സോഷ്യൽമീഡിയയിലടക്കം നിരവധി പേർ രം​ഗത്തെത്തി. സിപിഎമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനിൽ കുമാറിന്റെ പ്രസംഗമെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ് വിമർശിച്ചു.

സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സിപിഎമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോരാ. സ്വതന്ത്രചിന്ത എന്നാൽ തട്ടം ഉപേക്ഷിക്കലാണെന്ന കണ്ടുപിടുത്തവും അനിൽകുമാർ നടത്തുന്നുണ്ടെന്നും മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞ അതേ സിപിഎമ്മാണ് ഇപ്പോൾ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതാ മതിൽ കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ച്ചയ്ക്കും നിങ്ങൾക്ക് ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം. എന്നാൽ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ല. തട്ടമിട്ട മലപ്പുറത്തെ കുട്ടികളുടെ രാഷ്ട്രീയബോധം പോലും ഈ കപടന്മാർക്ക് ഇല്ലാതെ പോയല്ലോ എന്നതിലാണ് അത്ഭുതമെന്നും നിങ്ങളുടെ ഹിപ്പോക്രസിയെ തുറന്നുകാട്ടാൻ തങ്ങളുടെ തട്ടമിട്ട കുട്ടികൾ തന്നെ ധാരാളമാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.

കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സി.പി.എമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനിൽ കുമാറിന്റെ പ്രസംഗം. സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോര. സ്വതന്ത്ര ചിന്ത എന്നാൽ തട്ടം ഉപേക്ഷിക്കലാണെന്ന കണ്ടുപിടുത്തവും അനിൽ കുമാർ നടത്തുന്നുണ്ട്.

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞ അതേ സി.പി.എമ്മാണ് ഇപ്പോൾ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

നാസ്തികരും സംഘികളും സി.പി.എമ്മുമൊക്കെ ഒന്നായ സ്ഥിതിക്ക് ഇനിയൊരു ഗ്രൂപ്പ് ഫോട്ടോയുടെ കുറവ് കൂടിയുണ്ട്. വനിതാ മതില് കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ചക്കും നിങ്ങൾക്ക് ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം. എന്നാലോ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ല.

സോവിയറ്റ് റഷ്യയിലെ മുസ്‌ലിംകളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടും. തട്ടമിട്ട മലപ്പുറത്തെ കുട്ടികളുടെ രാഷ്ട്രീയ ബോധം പോലും ഈ കപടന്മാർക്ക് ഇല്ലാതെ പോയല്ലോ എന്നതിലാണ് അത്ഭുതം! നിങ്ങളുടെ ഹിപ്പോക്രസിയെ തുറന്ന് കാട്ടാൻ ഞങ്ങളുടെ തട്ടമിട്ട കുട്ടികൾ തന്നെ ധാരാളമാണ്.


TAGS :

Next Story