ആടുകളെ കാണാതായി; പുലിയുടെ സാന്നിധ്യം സംശയിച്ച് നാട്ടുകാർ
കൂട്ടമായെത്തിയിരുന്ന കുരങ്ങുകളെ കാണാനില്ലാത്തതും പുലിയുടെ സാന്നിധ്യം കൊണ്ടാണെന്നാണ് നാട്ടുകാരുടെ സംശയം
കോഴിക്കോട്: വിലങ്ങാട് മലയോര മേഖലയിൽ ഒന്‍പത് ആടുകളെ കാണാതായി. ഇതിൽ ഒരു ആട്ടിന്‍കുട്ടിയുടെ ശരീരാവശിഷ്ടം സമീപത്തെ മലമുകളിൽ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശത്ത് പുലിയുടെ സാന്നിധ്യമാണെന്ന സംശയത്തിലാണ് നാട്ടുകാർ.
കോഴിക്കോട് നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വടക്കെ വായാട് മേഖലയിലാണ് വളർത്തുമൃഗങ്ങളെ തുടർച്ചയായി കാണാതായത്. വയനാടൻ കാടുകളോട് ചേർന്ന പെരിയ റിസർവ് വനത്തിന് സമീപത്തെ പ്രദേശമാണ് വായാട്. പ്രദേശവാസിയായ തങ്കച്ചന്റെ ഒന്‍പത് ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്.
അഞ്ച് മാസം പ്രായമായ എട്ട് ആടുകളെയും ഗർഭിണിയായ മറ്റൊരാടിനെയുമാണ് രണ്ടാഴ്ചക്കിടെ പല ദിവസങ്ങളിലായി നഷ്ടപ്പെട്ടത്. ഇതിൽ ഒരാട്ടിൻ കുട്ടിയുടെ ശരീര ഭാഗങ്ങൾ സമീപത്തെ മലമുകളിൽ നിന്ന് കണ്ടെത്തി. ഇതിന് പിന്നാലെ പ്രദേശത്ത് ടാപ്പിംഗിന് പോയ തൊഴിലാളികൾ പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചു.
നേരത്തെ മേഖലയിൽ കൂട്ടമായെത്തിയിരുന്ന കുരങ്ങുകളെ കാണാനില്ലാത്തതും പുലിയുടെ സാന്നിധ്യം കൊണ്ടാണെന്നാണ് നാട്ടുകാരുടെ സംശയം. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
Adjust Story Font
16