ഗോകുലം ചിട്ടിക്കേസുകൾ സർക്കാർ അട്ടിമറിച്ചു; ഗോകുലം ഗോപാലനു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു-മീഡിയവണ്‍ എക്സ്ക്ലൂസീവ്
കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടിയം സ്റ്റേഷനകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിൽ ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ ഉൾപ്പെടെ പ്രതിയാണ്
കോഴിക്കോട്: ഗോകുലം ചിട്ടി ഫണ്ടിനായി മുഖ്യമന്ത്രി പിണറായി വിജയൻ വഴിവിട്ട ഇടപെടൽ നടത്തിയതായി വെളിപ്പെടുത്തൽ. ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ എതിർപ്പ് മറികടന്നായിരുന്നു നടപടി. സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഇടപെടലിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു.
ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടി നടത്തിപ്പ് കേസുകളാണ് സർക്കാർ പിൻവലിച്ചത്. ആഭ്യന്തര സെക്രട്ടറി രണ്ടുതവണ നൽകിയ ശിപാർശ മറികടന്നാണ് മുഖ്യമന്ത്രി കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടായതിനാൽ കേസ് പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമെടുത്ത് ഒരുമാസം തികയുംമുൻപാണ് മുഖ്യമന്ത്രി തന്നെ അത് തിരുത്തിയത്. 2018ലെ തീരുമാനത്തിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു.
2013-14 വർഷങ്ങളിൽ ഗോകുലം ചിറ്റ് ഫണ്ട്സിന്റെ കൊല്ലം ജില്ലയിലെ ബിഷപ് ജെറോം നഗർ ബ്രാഞ്ചിലും കൊട്ടിയം ബ്രാഞ്ചിലും രജിസ്ട്രേഷൻ വകുപ്പ് പരിശോധന നടത്തിയിരുന്നു. രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി ചിട്ടി നടത്തുന്നതായും നിയമവിരുദ്ധമായി ബ്ലാങ്ക് ചെക്കും മറ്റു രേഖകളും സൂക്ഷിക്കുന്നതായും കണ്ടെത്തി. അങ്ങനെയാണ് കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടിയം സ്റ്റേഷനകളിലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത്. കേസുകളിൽ ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ ഉൾപ്പെടെ പ്രതിയായി.
ഈ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് 2018 ഏപ്രില്‍ 16ന് ഗോകുലം ഗോപാലന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തേടി. സാമ്പത്തിക ക്രമക്കേടും ചിട്ടി നിയമത്തിന്റെ ലംഘനവും ഉള്ളതിനാൽ കോടതിയുടെ തീർപ്പിന് വിടുന്നതാണ് ഉചിതമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തി. ഇത് പരിഗണിച്ച് കേസ് പിൻവലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും തീരുമാനിച്ചു.
എന്നാൽ, ചിത്രം മാറുന്നതാണ് പിന്നീട് കണ്ടത്. കേസ് പിൻവലിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതിന് പിന്നാലെ 2018 ജൂൺ ഒന്നിന് ഗോകുലം ഗോപാലൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്തുനല്‍കി. അത് വീണ്ടും ആഭ്യന്തര സെക്രട്ടറിക്ക് മുന്നിൽ കേസ് പിൻവലിക്കാനുള്ള പുതിയൊരു സാഹചര്യവും നിലവിലില്ലാത്തതിനാൽ മുൻതീരുമാനത്തില്‍ മാറ്റംവരുത്തേണ്ടതായി കാണുന്നില്ലെന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വീണ്ടും ഫയലിൽ എഴുതി. എന്നാൽ, അപ്പോഴേക്കും മുഖ്യമന്ത്രിയുടെ നിലപാട് മാറിയിരുന്നു. കേസുകൾ പിൻവലിക്കേണ്ടെന്ന മുൻ തീരുമാനം മുഖ്യമന്ത്രി തന്നെ തിരുത്തി.
ആഭ്യന്തരസെക്രട്ടറിയുടെ നിലപാട് പൂർണമായി അവഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. സർക്കാർ തീരുമാനം കോടതിയിലെത്തി. സർക്കാർ നിലപാട് അംഗീകരിച്ച കൊല്ലം, കരുനാഗപ്പള്ളി കോടതികൾ കേസ് പിൻവലിക്കാന്‍ അനുവാദവും നല്കി. അഞ്ചു കേസുകളും പിൻവലിക്കപ്പെട്ടു.
Summary: The Kerala CM Pinarayi Vijayan intervened and withdrew the chit cases against Gokulam Chits Finance and the company owner Gokulam Gopalan
Adjust Story Font
16