ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തില്‍ ചാർത്തുന്ന മാലയുടെ മുത്തുകള്‍ കാണാതായി
ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്
കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തില്‍ ചാർത്തുന്ന മാലയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തി. പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് തൂക്ക വ്യത്യാസം കണ്ടെത്തിയത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് ചുതലയേറ്റതിനെ തുടർന്ന് തിരുവാഭരണത്തിന്‍റെയും മറ്റ് സാധന സാമഗ്രികളുടേയും കണക്കെടുപ്പ് നടത്തി. ഈ പരിശോധനയിലാണ് തിരുവാഭരണത്തില്‍ ചാർത്തുന്ന ഒരു മാലയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയത്. 81 മുത്തുകള്‍ ഉള്ള സ്വർണ്ണം പൂശിയ രുദ്രാക്ഷമാലയിലെ 9 മുത്തുകള്‍ കുറവുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. സംഭവത്തില്‍ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് റിപ്പോർട്ടും തേടിയിട്ടുണ്ട്.
തൂക്ക വ്യത്യാസം കാണിച്ച മാല ദേവസ്വം സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ച ആഭരണങ്ങളില്‍ ഉള്‍പ്പെടുന്നതല്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മേല്‍ശാന്തി നിത്യ പൂജക്കായി ഉപയോഗിച്ചിരുന്ന മാലയാണെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ദേവസം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് തിരുവിതാംകൂർ ദേവസ്വത്തിന്‍റെ നിർദേശം.
Adjust Story Font
16