Quantcast

സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിലേക്ക്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്

23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-08 17:30:17.0

Published:

8 Jan 2024 10:56 AM GMT

സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിലേക്ക്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്
X

കൊല്ലം: സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്.

23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997,98,2000 വർഷങ്ങളിലായിരുന്നു മുൻപത്തെ നേട്ടം. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം ഏറ്റുവാങ്ങി.ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനം നിലനിർത്തിയായിരുന്നു കണ്ണൂരിന്റെ കുതിപ്പ്. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. ഹൈസ്‌കൂൾ നാടകവിഭാഗത്തിൽ കണ്ണൂർ നൽകിയ അപ്പീൽ പരിഗണിച്ചതോടെ അതുവരെ രണ്ടുപോയിന്റിന് മുന്നിലുണ്ടായിരുന്ന കോഴിക്കോട് പിന്നിലേക്ക് നീങ്ങുകയായിരുന്നു.

നാളെ കണ്ണൂരിൽ കലോത്സവ ജേതാകൾക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 5 മണിക്ക് കണ്ണൂരിൽ സ്വീകരണ യോഗവും നടക്കും.

മറ്റുജില്ലകളുടെ പോയിന്റ് നില

തൃശൂർ- 925

മലപ്പുറം- 913

കൊല്ലം- 910

എറണാകുളം- 899

തിരുവനന്തപുരം- 870

ആലപ്പുഴ- 852

കാസർകോട്- 846

കോട്ടയം 837

വയനാട് 818

പത്തനംതിട്ട 774

ഇടുക്കി 730

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്‌എസ്‌ 249 പോയിന്റുമായി ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ 116 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സമാപനസമ്മേളനം കൃത്യം അഞ്ചുമണിക്ക് തന്നെ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. രക്ഷകർത്താക്കളുടെ കണ്ണീർ വീഴാതെ, പരാതികൾ ഇല്ലാതെ കലോത്സവം സിസ്റ്റമാറ്റിക് ആയി നടത്തണമെന്ന് വിഡി സതീശൻ അഭ്യർത്ഥിച്ചു.വരാനിരിക്കുന്ന വർഷങ്ങളിൽ കലോത്സവങ്ങളിൽ പരാതികൾ കുറയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂർ സ്‌ക്വാഡിന് സമ്മാനം നൽകാൻ നായകൻ

പതിനായിരങ്ങളാണ് ആശ്രാമം മൈതാനത്ത് എത്തിയിരുന്നത്. മുഖ്യാതിഥിയായി മമ്മൂട്ടി വേദിയിൽ എത്തിയതോടെ ആവേശം മുറുകി. കലോത്സവത്തിന് തന്നെ ക്ഷണിച്ചപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്നും സ്കൂൾ കലോത്സവത്തിൽ തന്നെപ്പോലെ ഒരാളിനെ ക്ഷണിച്ചതിൽ സന്തോഷിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. കലാ മത്സരങ്ങളിലെ ജയപരാജയങ്ങൾ കലാപ്രകടനത്തെ ബാധിക്കരുത്. ഒരു പരാജയം സംഭവിച്ചു എന്ന് പറഞ്ഞ് കലാപരമായ കഴിവുകൾക്ക് കോട്ടം സംഭവിക്കില്ല. വേർതിരിവും വിവേചനവും ഇല്ലാതെ എല്ലാവരെയും ഒന്നായി കാണാം എന്ന സന്ദേശമാണ് കലോത്സവം നൽകിയത്.

കണ്ണൂർ സ്‌ക്വാഡാണ് സമ്മാനം നേടിയത്. സമ്മാനം നേടാതിരുന്നിട്ടും കൊല്ലംകാർ ഇരുകൈയും നീട്ടി കലോത്സവത്തെ സ്വീകരിച്ചു. കൊല്ലത്ത് ഇല്ലാത്തത് ഒന്നുമില്ല. നല്ല മനുഷ്യരെ കൊണ്ട് സമ്പന്നം ആണ് കൊല്ലമെന്നും മമ്മൂട്ടി പറഞ്ഞു.

പരാതികളില്ലാതെ കലയരങ്ങ്

പരാതികളില്ലാതെ കലോത്സവം അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൃത്യസമയം പാലിക്കാൻ കഴിഞ്ഞ കലോത്സവമെന്ന പ്രത്യേകത കൂടി ഇത്തവണത്തെ കലോത്സവത്തിനുണ്ട്. നിലവിൽ 1000 രൂപയാണ് സമ്മാനത്തുക. അടുത്ത വർഷം മുതൽ തുക വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത തവണ കലോത്സവ മാനുവലും പരിഷ്കരിക്കും.

TAGS :

Next Story