പവന് അര ലക്ഷം! നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില; സാധാരണക്കാരന്‍റെ കീശ കീറും
ദുഃഖ വെള്ളി ദിവസം ഇടിത്തീ പോലെ സ്വര്‍ണ വില പവന് അര ലക്ഷം കടന്നിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
കോഴിക്കോട്: അങ്ങനെ പേടിച്ചത് സംഭവിച്ചിരിക്കുന്നു....ഇന്നോ നാളെയോ എന്നു കണക്കു കൂട്ടി ആശങ്കപ്പെട്ടിരിക്കുകയായിരുന്നു സാധാരണക്കാര്‍. ദുഃഖ വെള്ളി ദിവസം ഇടിത്തീ പോലെ സ്വര്‍ണ വില പവന് അര ലക്ഷം കടന്നിരിക്കുകയാണ്. വ്യാഴാഴ്ച 49,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒന്നു നേരം ഇരുണ്ടു വെളുത്തപ്പോഴേക്കും കൂടിയത് 1040 രൂപയാണ്. വിവാഹാഘോഷങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു പവന്‍ വാങ്ങണമെങ്കില്‍ 50,400 രൂപ എണ്ണിക്കൊടുക്കണം. പണിക്കൂലിയും ജിഎസ്ടിയും കൂടിയാകുമ്പോള്‍ അതിലും കൂടും. ഒരു ഗ്രാമിന് 6300 രൂപയാണ് വില. ചരിത്രത്തിലെ റെക്കോഡ് സ്വര്‍ണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തെ വില നോക്കിയാല്‍ ഒരു പവന് 30000ത്തോളം രൂപയാണ് വര്‍ധനവാണ് ഉണ്ടായത്.
വിലവര്‍ധനവിന് കാരണം
പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്.സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധനക്ക് പിന്നില്‍.
2018ന്‍റെ പകുതിയോടു കൂടി ആരംഭിച്ച യു.എസ്- ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ഇതുമൂലം നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി പരിഗണിക്കുകയും ചെയ്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന ആശങ്കകള്‍ നഷ്ട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ആളുകളെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. അതുപോലെ തന്നെ സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഭൗതിക ആവശ്യകത കുറയുകയും സ്വര്‍ണത്തിന്‍റെ ഡിജിറ്റല്‍ നിക്ഷേപങ്ങളില്‍ വര്‍ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ സ്വർണത്തിന്‍റെ വില ഇന്ത്യയിലെ സ്വർണത്തിന്‍റെ മൂല്യത്തെയും ബാധിക്കുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വില പ്രവചിക്കുന്നത് ഒരു വെല്ലുവിളിയാണ്. നിക്ഷേപകര്‍ക്ക് ഇ-ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകള്‍ സ്വര്‍ണവിലയെ കാണുന്നത്.
എങ്ങനെയാണ് ഇന്ത്യന്‍ സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നത്?
ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ് സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും. ചരിത്രത്തിലുടനീളം സമ്പന്നതയുടെ പ്രതീകമായിട്ടാണ് ഈ മഞ്ഞലോഹത്തെ കണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണം ഉപയോഗിക്കുന്നതില്‍ 25 ശതമാനം ഇന്ത്യയിലാണ്. ഈ ആവശ്യം തീർച്ചയായും ഇന്നത്തെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പ്രതിശീർഷ വരുമാനത്തോടൊപ്പം സ്വർണ വിലയും ഡിമാൻഡ് പോലെ തന്നെ സ്വർണ വിപണിയിലും സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും, സ്വർണത്തിന്‍റെ ഡിമാൻഡ് മാത്രമല്ല അതിന്‍റെ വിലയെ ബാധിക്കുന്ന ഘടകം. മറ്റു പല കാരണങ്ങളുമുണ്ട്.
സ്വർണത്തെ തരംതിരിക്കുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് കാരറ്റ് സമ്പ്രദായം. സ്വർണത്തിന്‍റെ പരിശുദ്ധി അളക്കുന്നത് കാരറ്റിലാണ്, കാരറ്റിന്‍റെ മൂല്യം കൂടുന്തോറും സ്വർണത്തിന് വില കൂടും. സ്ഥിരമായ വിലയില്‍ നിന്നും സ്വര്‍ണവില ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. ഉദാഹരണത്തിന്, ഒരു നിശ്ചിത പരിശുദ്ധിയുള്ള സ്വർണത്തിന്‍റെ ഇന്നത്തെ വില പോലെ ആയിരിക്കില്ല നാളത്തേത്. 24 കാരറ്റ് അല്ലെങ്കിൽ 999 സ്വർണമാണ് ഇന്നത്തെ വിപണിയിൽ ഇപ്പോഴും ഏറ്റവും ആവശ്യമുള്ള ഗ്രേഡ്. അങ്ങനെ, 24k സ്വർണ വില എപ്പോഴും മുകളിൽ തന്നെ തുടരും. 916 സ്വർണം 999 സ്വർണത്തിന് ശേഷമുള്ള രണ്ടാമത്തെ ശുദ്ധമായ ഇനമാണ്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ, മംഗല്യസൂത്ര തുടങ്ങിയ സൂക്ഷ്മമായ ആഭരണങ്ങൾക്ക് ഇത് അനുയോജ്യമാണ്. സ്വർണവില നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു ഘടകം വിലയേറിയ ലോഹത്തിന്‍റെ ഭാരമാണ്.
എന്തുകൊണ്ടാണ് സ്വർണ വില കൂടുന്നത്?
പണപ്പെരുപ്പം: പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നു. കൂടാതെ, മറ്റു പല നിക്ഷേപ ഓപ്ഷനുകളും പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെടുന്നു. അതിനാൽ, മിക്ക ആളുകളും സ്വർണം വാങ്ങാൻ താല്‍പര്യം പ്രകടിപ്പിക്കുന്നു.
ആവശ്യം-വിതരണം(Demand and Supply): മറ്റേതൊരു വ്യാപാര വസ്തുവിനെയും പോലെ, വിതരണവും ആവശ്യവും അനുസരിച്ചാണ് സ്വർണത്തിന്‍റെ വില നിർണയിക്കുന്നത്. സപ്ലൈ പരിമിതമായ വിപണിയിൽ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് സ്വർണ വിലയും ഉയരുന്നു.എന്തുകൊണ്ടാണ് സ്വർണ വില ഉയരുന്നതെന്ന് ചോദിക്കുമ്പോൾ, ഡിമാൻഡ്-സപ്ലൈ ഒരു ഘടകമായിരിക്കാം.
പലിശ നിരക്കുകൾ: സ്വർണ വിലയും പലിശ നിരക്കും വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. പലിശ നിരക്ക് ഉയരുമ്പോൾ, ഉപഭോക്താക്കൾ സ്വർണം വിൽക്കുകയും ഉയർന്ന പലിശയുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ജ്വല്ലറി മാർക്കറ്റ്: ഇന്ത്യയിലെ മതപരമായ ആഘോഷങ്ങളിലും വിവാഹങ്ങളിലും ഒഴിവാക്കാനാവാത്ത ഘടകമാണ് സ്വര്‍ണം. അതിനാൽ, ഉത്സവ സീസണുകളും വിവാഹ സീസണുകളും ഇന്ത്യയിൽ സ്വർണ വില വർദ്ധിപ്പിക്കുന്നുണ്ട്.
സ്വർണ കരുതൽ ശേഖരം: ഇന്ത്യയുടെ കരുതല്‍ ധനശേഖരത്തില്‍ മുക്കാല്‍ പങ്കും സ്വര്‍ണശേഖരമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച് ഇന്ത്യയിൽ 626 ടൺ സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട്, എന്തുകൊണ്ടാണ് ഇന്ത്യയിൽ സ്വർണ വില ഉയരുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, സർക്കാർ വാങ്ങലുകളും വിൽപനയും പരിശോധിക്കുക.
ഇറക്കുമതി നികുതി: ആഗോള സ്വർണ ഉൽപാദനത്തിന്‍റെ 1% മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താക്കളുമാണ് നമ്മള്‍. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട് ഇവിടെ. അതിനാൽ, ഇറക്കുമതി തീരുവ സ്വർണത്തിന്‍റെ വിലയെ സാരമായി ബാധിക്കുന്നു.
കറന്‍സി മാറ്റങ്ങള്‍: യുഎസ് ഡോളറിലാണ് സ്വർണം കൈമാറ്റം ചെയ്യുന്നത്. ഡോളർ അല്ലെങ്കിൽ ഇന്ത്യൻ രൂപയുടെ ചാഞ്ചാട്ടം സ്വർണ ഇറക്കുമതി വിലയെയും വിൽപന വിലയെയും ബാധിച്ചേക്കാം.
Adjust Story Font
16