മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം: കെ. സുരേന്ദ്രൻ
കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ധാർമ്മിക യോഗ്യതയില്ല. സ്വപ്ന ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മുഖ്യമന്ത്രി നേരിട്ട് കറൻസി കടത്തിയെന്നത് കേരളത്തിന് നാണക്കേടാണ്. ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചത് മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സുരേന്ദ്രൻ വിശദമാക്കി. ബിരിയാണി ചെമ്പ്കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെല്ലാം ശരിയായെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.
''മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.''-സ്വപ്ന വെളിപ്പെടുത്തി.
അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശമാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോളാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലായത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നതെന്നും സ്വപ്ന പറഞ്ഞു. ഇതോടൊപ്പം വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള എല്ലാ വിവരങ്ങളും ഓരോരുത്തരുടെ പങ്ക് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. അതല്ലാം വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
Adjust Story Font
16