ടൈഗർ ബാം മുതല്‍ പെൻസിൽ ഷാർപ്‌നര്‍ വരെ, സ്വർണം കടത്താന്‍ പുത്തന്‍വിദ്യ; യുവാവ് പിടിയിൽ
വയറിനകത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു
മലപ്പുറം: സ്വർണം കടത്താൻ പുതിയ വഴികൾ സ്വീകരിച്ച യുവാവ് പിടിയിൽ. ടൈഗർ ബാമിന്റെ അടപ്പിലും പെൻസിൽ ഷാർപ്നറിലുമടക്കം ഒളിപ്പിച്ചായിരുന്നു കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമം നടന്നത്.
കാസർകോട് സ്വദേശി മുഹമ്മദ് ഷബീർ(28) ആണ് കരിപ്പൂരിൽ കസ്റ്റംസിന്റെ പിടിയിലായത്. ടൈഗർ ബാമിനും ഷാർപ്‌നർക്കും പുറമെ കുക്കിങ് പാൻ, സ്ത്രീകളുടെ ഹാൻഡ് ബാഗ്, ക്യാപ്പ് എന്നിവയിലെല്ലാം സ്വർ്ണം ഒളിപ്പിച്ചിരുന്നു. ഇത്തരത്തിൽ 769 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
വയറിനകത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാളും കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. 992 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി കടത്താൻ ശ്രമിച്ചത്. വയറിനകത്ത് നാല് ക്യാപ്‌സൂളുകളിൽ നിറച്ചായിരുന്നു ഇത് ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ജിദ്ദയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാൽ, വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന ലഗേജ് പരിശോധിച്ചതിലും ശരീരപരിശോധനയിലും സ്വർണം കണ്ടെത്താനായിരുന്നില്ല. തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തു പരിശോധിച്ചപ്പോഴാണ് വയറിനകത്ത് സ്വർണമടങ്ങിയ നാല് ക്യാപ്‌സൂളുകൾ കണ്ടെത്തിയത്.
Summary: Attempt to smuggle gold in Tiger Balm and pencil sharpener caught in Calicut International Airport, Karipur
Adjust Story Font
16