മൂവാറ്റുപുഴ സഹകരണബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു
ഗൃഹനാഥന്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുള്ള ബാങ്കിന്റെ ജപ്തി നടപടി വിവാദമായിരുന്നു
എറണാകുളം: മൂവാറ്റുപുഴ സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു. ഗൃഹനാഥന്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുള്ള ബാങ്കിന്റെ ജപ്തി നടപടി വിവാദമായിരുന്നു.
ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെപ്യൂട്ടി ജനറൽ മാനേജർ ഷാന്‍റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജപ്തി നടപടിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ജോയിന്‍റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പായിപ്ര സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത സംഭവമാണ് വിവാദമായത്. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. ഹൃദ്രോഗിയായ അജേഷ് ചികിത്സക്കായി എറണാകുളത്ത് ആയിരുന്നു. പത്തും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇത് പരിഗണിക്കാതെ ബാങ്ക് ജീവനക്കാർ വീട് പൂട്ടി സീൽ ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വീടിന്റെ വായ്പാ കുടിശിക അടച്ചെന്ന് ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) അറിയിച്ചു. എന്നാല്‍ സഹായം വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ സഹായിക്കാന്‍ വന്നതെന്നും നേരത്തെ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും അജേഷ് പറഞ്ഞു.
നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ജപ്തിയെന്ന് മൂവാറ്റുപുഴ അര്‍ബൻ ബാങ്ക് ന്യായീകരിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി തീരുമാനിച്ചത്. നടപടിക്ക് മന്ത്രി ഉത്തരവിട്ടതിന് പിന്നാലെ മൂവാറ്റുപുഴ അര്‍ബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജി വച്ചത്. നിയമപരമായാണ് ജപ്തി നടത്തിയതെന്നും വിഷയത്തിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ രാഷ്ട്രീയം കളിച്ചതാണെന്നും ജോസ് കെ പീറ്റര്‍ ആരോപിച്ചിരുന്നു.
Adjust Story Font
16