മിഥുന മാസത്തിലെ തിരുവോണം; നൂറ്റിമൂന്നാം പിറന്നാളിന് കാത്തുനിൽക്കാതെ മടക്കം
മിഥുനമാസത്തിലെ തിരുവോണനാളെന്നാൽ ചാത്തനാട്ടെ വീട്ടിൽ ഉത്സവമായിരുന്നു, പിറന്നാൾ ആശംസ അർപ്പിക്കാനെത്തുന്നവർക്ക് പ്രിയപ്പെട്ട കുഞ്ഞമ്മ അമ്പലപ്പുഴ പാൽപ്പായസം നൽകും, സദ്യയൊരുക്കും
മിഥുനമാസത്തിലെ തിരുവോണനാളാണ് കെആർ ഗൗരിയമ്മയുടെ ജന്മദിനം. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി പ്രിയപ്പെട്ടവർ ആഘോഷമാക്കുന്ന ദിവസമാണത്. ജീവിതവും രാഷ്ട്രീയവും പോലെ ഗൗരിയമ്മയുടെ പിറന്നാളാഘോഷവും ചരിത്രത്തിൽ കുറിക്കപ്പെട്ടതാണ്.
സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട് ജനാധിപത്യ സംരക്ഷണ സമിതിയെന്ന ജെഎസ്എസ് രൂപീകരിച്ചതിനു പിന്നാലെയാണ് ഗൗരിയമ്മയുടെ പിറന്നാളുകൾ ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. മിഥുനമാസത്തിലെ തിരുവോണനാളെന്നാൽ ചാത്തനാട്ടെ വീട്ടിൽ ഉത്സവമായിരുന്നു. പിറന്നാൾ ആശംസ അർപ്പിക്കാനെത്തുന്നവർക്ക് പ്രിയപ്പെട്ട കുഞ്ഞമ്മ അമ്പലപ്പുഴ പാൽപ്പായസം നൽകും. സദ്യയൊരുക്കും.
നൂറുവയസ് പൂർത്തിയായപ്പോൾ ഒരുവർഷം നീണ്ട ആഘോഷമായിരുന്നു. ആശംസകളുമായി രാഷ്ട്രീയ കേരളം ആലപ്പുഴയിൽ ഒഴുകിയെത്തി. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ ഗൗരിയമ്മ 1987ലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഓർമിച്ചെടുത്തു. എന്നിട്ട് എന്തായെടോ വിജയാ എന്നുള്ള ഒടുവിലെ ചോദ്യം മുഖ്യമന്ത്രിയോടായിരുന്നില്ല, സിപിഎമ്മിനോടായിരുന്നു.
മുഖ്യമന്ത്രിയാകാൻ കഴിയാതെ പോയതോർമ്മിപ്പിച്ച് നൂറാം പിറന്നാളും ഗൗരിയമ്മ കടന്നു. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ആഘോഷിക്കപ്പെടാതെ പോയത് നൂറ്റിരണ്ടാം പിറന്നാളാണ്. കോവിഡ് വ്യാപനത്തിനിടയിൽ റിവേഴ്സ് ക്വാറന്റൈനിലായിരുന്ന ഗൗരിയമ്മ അന്ന് ചാത്തനാട്ടെ വീടിന് പുറത്തിറങ്ങി പ്രവർത്തകരെ കൈവീശി അഭിവാദ്യം മാത്രമാണ് ചെയ്തത്.
നൂറ്റിമൂന്നാം പിറന്നാൾ ആഘോഷിക്കാൻ ഇനി ഗൗരിയമ്മയില്ല. മിഥുനമാസത്തിലെ തിരുവോണത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ മടക്കം.
Adjust Story Font
16