ഗവർണർ-സർക്കാർ തർക്കം അയയുന്നു; സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കി തുടങ്ങി
ചാൻസലർ പദവി ഒഴിയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ഗവർണർ സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലും കഴിഞ്ഞ ദിവസം വരെ നോക്കിയിരുന്നില്ല.
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപിച്ച് സർക്കാരുമായി ഇടഞ്ഞ ഗവർണർ അയയുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കി തുടങ്ങി. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഗവർണറെ അനുനയത്തിലേക്ക് എത്തിച്ചതാണെന്നാണ് സൂചന.
കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ തുടങ്ങി രാഷ്ട്രപതിക്ക് ഡീലിറ്റ് നൽകുന്നതിന് കേരളാ സർവകലാശാലയെ എതിർത്തത് വരെ, ഗവർണറും സർക്കാരും തമ്മിലുള്ള പോരിന് കാരണങ്ങൾ നിരവധി ആയിരുന്നു. ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ഗവർണർ സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലും കഴിഞ്ഞ ദിവസം വരെ നോക്കിയിരുന്നില്ല. ഒരു സമവായത്തിനും ഇല്ലെന്ന് നിരവധി തവണ ആവർത്തിക്കുകയും ചെയ്തു.
എന്നാൽ മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ ഗവർണർ നിലപാട് മയപ്പെടുത്തി. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി നാല് കത്തുകൾ മുഖ്യമന്ത്രി അയച്ചതും രണ്ട് തവണ അദ്ദേഹത്തെ വിളിച്ചതുമാണ് സമവായത്തിലേക്കെത്തിച്ചതെന്നാണ് സൂചന. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ചാൻസലർ എന്ന നിലയിൽ ഗവർണർ നോക്കി തുടങ്ങി. എന്നാൽ കണ്ണൂർ വിസി നിയമനത്തിൽ സർക്കാർ തന്നെ സമ്മർദത്തിലാക്കിയാണ് ഫയലിൽ ഒപ്പിടീച്ചതെന്ന വാദം ഗവർണർ വീണ്ടും ഹൈക്കോടതിയിലുയർത്തിയാൽ പ്രശ്‌നങ്ങൾ വഷളാകും.
Adjust Story Font
16