Quantcast

സർക്കാർ ഉറപ്പുകൾ പാഴായി, അപകടക്കെണിയിൽ വിഴിഞ്ഞം; നഷ്‌ടക്കണക്കുകൾ എണ്ണിപ്പറഞ്ഞ് ഫാ. യൂജിൻ പെരേര

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം എത്രയവും വേഗം നല്‍കുമെന്ന് പറഞ്ഞതല്ലാതെ പിന്നീട് മറ്റൊന്നും സംഭവിച്ചില്ല.

MediaOne Logo

Web Desk

  • Published:

    23 July 2023 11:29 AM GMT

vizhinjam
X

കോഴിക്കോട്: വിഴിഞ്ഞം സമരം അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം വലിയ ആഘാതമാണ് വലിയതുറ, പൂന്തുറ, വേളി വെട്ടിനാട്‌ മേഖലകളിൽ ഉണ്ടാക്കുന്നത്. തീരം സംരക്ഷിക്കാമെന്നായിരുന്നു അന്ന് സർക്കാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഇന്നലെ ചെറിയ കാറ്റും മഴയും വന്നപ്പോൾ തന്നെ വെട്ടിനാട്‌ മേഖലയിൽ തകർന്നത് എട്ട് വീടുകളാണെന്ന് യൂജിൻ പെരേര പറയുന്നു.

പൊഴിയൂരിലെയും കൊല്ലങ്കോടിലെയും റോഡുകൾ തകർന്ന നിലയിലാണ്. 1972ലാണ് വിഴിഞ്ഞത്ത് മൽസ്യബന്ധന ഹാർബർ വന്നത്. ഹാർബർ വന്നതിന് ശേഷം പനത്തുറയിൽ മൂന്ന് അമ്പലങ്ങൾ മാറ്റിവെച്ചു. പൂന്തുറയിൽ ധാരാളം വീടുകൾ പോയി. ബീമാ പള്ളിയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. വലിയ തുറ വരെയായിരുന്നു ആഘാതം.

2015ൽ വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് വേണ്ടി ഒരു കിലോമീറ്റർ നീളമുള്ള പുലിമുട്ട് ഇടാൻ തുടങ്ങിയതിന് ശേഷം കോവളത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം നശിച്ചു. 2022 വരെയുള്ള കണക്കുകളിൽ 250ഓളം വീടുകൾ പുലിമുട്ട് നിർമാണം കാരണം നഷ്ടപ്പെട്ടു. കണക്കുകൾ ഇനിയും പൂർത്തിയാകാനുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടായ നഷ്ടങ്ങളുടെ കണക്ക് ഞങ്ങളുടെ പക്കലുണ്ട്. ഇനിയും കണക്കുകൾ പൂർത്തിയാകാനുണ്ട്; യൂജിൻ പെരേര പറയുന്നു.

സർക്കാർ അന്തിമറിപ്പോർട്ട് പുറത്തുവിടുമെന്ന് പറഞ്ഞ സമയം കഴിഞ്ഞതിനാലാണ് ജനകീയ പഠന കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പരിസ്ഥിതി വിദഗ്ധരോടടക്കം ചർച്ച ചെയ്ത ശേഷം പുറത്തുവിടുമെന്നും യൂജിൻ പെരേര പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ 2022 ജൂലൈ 20നാണ് ലത്തീന്‍ അതിരൂപത സമരം പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് തുറമുഖത്തിനുള്ളിലേക്ക് ഇരച്ചുകയറി നിര്‍മാണം തടസപ്പെടുത്തി. അങ്ങനെ ആ സമരം മാസങ്ങള്‍ നീണ്ടു. ഇതിനിടയില്‍ സമരനേതാക്കളുമായി സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഊരിത്തിരിഞ്ഞില്ല.

നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തുടങ്ങി ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമരം കൂടുതല്‍ ആളിപ്പടര്‍ന്നു. കരയും കടലും ഒരുപോലെ പ്രതിഷേധത്തിന് വേദിയായി. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന സാഹചര്യത്തിലേക്ക് എത്തി. ഇതോടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലത്തീന്‍സഭയ്ക്കും സമരം അവസാനിപ്പിക്കേണ്ടിവന്നു.

സമരം തീര്‍ന്നെങ്കിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ചവര പോലെയായി. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം എത്രയവും വേഗം നല്‍കുമെന്ന് പറഞ്ഞതല്ലാതെ പിന്നീട് മറ്റൊന്നും സംഭവിച്ചില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന്റെ മേശപുറത്ത് എത്തിയില്ല.

TAGS :

Next Story