ബഫർസോണിൽ സർക്കാർ കർഷകരെ വഞ്ചിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: വി.ഡി സതീശൻ
''ബഫർസോൺ സംബന്ധിച്ച് സർക്കാരിന്റെ ഒളിച്ചുകളി പ്രതിപക്ഷം നിയമസഭയിൽ തുറന്നു കാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്ചകൾപോലും പരിഹരിക്കാൻ തയാറാകാതെ കർഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സർക്കാർ മുന്നോട്ടു പോയത്''
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹസർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർസോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെന്റ് സെന്റർ പുറത്ത് വിട്ട മാപ്പിൽ നദികൾ, റോഡുകൾ, വാർഡ് അതിരുകൾ എന്നിവ സാധാരണക്കാർക്ക് ബോധ്യമാകുന്ന തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങൾ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേർട്ടിൽ നിന്നും വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫർസോൺ മാപ്പ് തയാറാക്കിയത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായും വനഭൂമിയാണെന്ന കണ്ടെത്തൽ ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാർഡുകളിൽ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്. ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സർവെയിൽ ബഫർസോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് മനസിലാകാത്ത മാപ്പ് സംബന്ധിച്ച് 10 ദിവസത്തിനുള്ളിൽ വിദഗ്ധ സമിതിക്ക് പരാതി നൽകാമെന്നുള്ള നിർദേശവും അപ്രായോഗികമാണ്. ജനുവരിയിൽ സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോൾ ജനവിരുദ്ധമായ ഈ റിപ്പോർട്ട് സമർപ്പിച്ചാൽ കർഷകർക്കും മലയോരജനതയ്ക്കും വൻ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ അടിയന്തിരമായി ഗ്രൗണ്ട് സർവേ നടത്താൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ബഫർസോൺ സംബന്ധിച്ച് സർക്കാരിന്റെ ഒളിച്ചുകളി പ്രതിപക്ഷം നിയമസഭയിൽ തുറന്നു കാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്ചകൾപോലും പരിഹരിക്കാൻ തയാറാകാതെ കർഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സർക്കാർ മുന്നോട്ടു പോയത്. പ്രാദേശികമായ പ്രത്യേകതകൾ പരിഗണിച്ച് കർഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താൽപര്യങ്ങൾ പരിഗണിച്ച് ബഫർസോൺ നിശ്ചയിക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്. കർഷരെയും സാധാരണക്കാരെയും ചേർത്തു നിർത്തേണ്ട സർക്കാർ ബഫർസോണിന്റെ പേരിൽ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യത്വരഹിതവും കർഷകവിരുദ്ധവുമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Adjust Story Font
16