വലയ്ക്കുന്ന മെഡിസെപ്പ്; ആനുകൂല്യത്തിന്‍റെ മൂന്നിലൊന്നുപോലും ലഭിക്കുന്നില്ലെന്ന് പരാതി
പാക്കേജുകളുടെ പേരില്‍ ചൂഷണം നടക്കുന്നുവെന്ന വിമര്‍ശനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്
തിരുവനന്തപുരം: മെഡിസെപ്പ് കാര്‍ഡുമായി പോകുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ മുഖം ചുളിക്കുകയാണെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍. മറ്റ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും ആനുകൂല്യങ്ങളും മെഡിസെപ്പിന് ഇല്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരും രോഗികളും കുറ്റപ്പെടുത്തുന്നു. പാക്കേജുകളുടെ പേരില്‍ ചൂഷണം നടക്കുന്നുവെന്ന വിമര്‍ശനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. മീഡിയവൺ പരമ്പര 'രക്ഷയില്ലാത്ത പരിരക്ഷ'യിലാണ് കണ്ടെത്തല്‍.
ചികിത്സക്കായി രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോള്‍ പറയുന്ന ആനുകൂല്യത്തിന്റെ മൂന്നിലൊന്നുപോലും ചികിത്സയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നാണ് പരാതി. ശസ്ത്രക്രിയ്ക്ക് മൂന്ന് ലക്ഷം രൂപ വേണ്ടിവന്നാല്‍, മെഡിസെപ്പിലൂടെ പകുതിയിലധികം തുക ലഭിക്കേണ്ടതാണ്. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് എഴുതിവാങ്ങുമ്പോഴാണ് രോഗികളും സര്‍ക്കാര്‍ ജീവനക്കാരും മെഡിസെപ്പ് പരിരക്ഷയുടെ യഥാര്‍ഥ കണക്ക് മനസിലാകുന്നത്. ഇരുപത് ശതമാനം തുകപോലും ലഭിക്കുന്നില്ലെന്നാണ് പരാതി.
ജീവനക്കാരില്‍നിന്ന് മാത്രം പ്രീമിയം ശേഖരിച്ചാണ് മെഡിസെപ്പ് പരിരക്ഷയ്ക്കുള്ള തുക സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഒരുകുടുംബത്തില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ രണ്ടാളും പ്രീമിയം അടക്കേണ്ടിവരും. പക്ഷേ ആനുകൂല്യത്തിന്റെ പരിധിയില്‍ ഒരാള്‍ മാത്രമെ വരികയുള്ളൂ. ഇതിന് പുറമേ പാക്കേജുകളുടെ അടിസ്ഥാനത്തിലാണ് മെഡിസെപ്പില്‍ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നത്. ഒന്നിലധികം അസുഖങ്ങള്‍ക്ക് ഒരേസമയം ചികിത്സ അനുവദിക്കുന്നില്ല എന്നതാണ് ഇതിന്റെ മറുവശം.
ഒരു അസുഖത്തിന് ചികിത്സയിലിരിക്കെ മറ്റ് അസുഖങ്ങള്‍ക്ക് അതേ ആശുപത്രിയില്‍ പണം അടച്ച് ചികിത്സ തേടേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അതോടൊപ്പം പാക്കേജില്‍ അനുവദിക്കപ്പെട്ട തുക മുഴുവനായും രോഗികള്‍ക്ക് അനുവദിക്കുന്നുമില്ല.
Summary: Government employees complain that they are not getting even one-third of the benefits in the Medical Insurance Scheme for State Employees and Pensioners(MEDISEP)
Adjust Story Font
16