സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള സര്‍ക്കാര്‍ ഫണ്ട് തികയുന്നില്ല; പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ അധ്യാപകരും രക്ഷിതാക്കളും
സാധനങ്ങളുടെ വില കുത്തനെ കൂടിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്
കാസര്‍കോട്: സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന ഫണ്ട് തികയുന്നില്ല. ഫണ്ട് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. സാധനങ്ങളുടെ വില കുത്തനെ കൂടിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഒരു കുട്ടിക്ക് ഒരു ദിവസം 8 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക. ഈ തുകയിൽ കുട്ടികൾക്ക് നല്ല ഉച്ചഭക്ഷണം കൊടുക്കണം. ചോറും രണ്ട് കറിയും നിർബന്ധം. ഉച്ചഭക്ഷണത്തിനായി അരിയൊഴികെ എല്ലാ സാധനങ്ങളും പണം നൽകി വാങ്ങണം. ഒരു കുറ്റി ഗ്യാസ് സിലിണ്ടര്‍ സ്കൂളിലെത്തിക്കണമെങ്കിൽ 1200 രൂപ കൊടുക്കേണ്ടി വരും. ഒരു പാചക തൊഴിലാളിക്കുള്ള വേതനമാണ് സർക്കാർ നൽകുന്നത്. സമയത്തിന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ 2 പാചക തൊഴിലാളികളെങ്കിലും വേണം. ഒരാളുടെ വേതനവും സ്കൂൾ തന്നെ കണ്ടെത്തണം.
ഉച്ചഭക്ഷണത്തിനുള്ള തുക മതിയാകില്ലെന്നും പരിധി ഉയർത്തണമെന്നും പലതവണ ആവശ്യപ്പെട്ടതാണ്. തുക ഉയർത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഇന്നും കിട്ടുന്നത് കുട്ടി ഒന്ന് 8 രൂപ തന്നെ. ഓരോ സ്കൂളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് തുക അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Adjust Story Font
16