ഷുഹൈബ് വധക്കേസിൽ ലക്ഷങ്ങൾ പൊടിച്ച് സർക്കാർ; അഭിഭാഷകർക്കായി ചെലവാക്കിയത് 96 ലക്ഷം രൂപ
പെരിയ കേസിൽ ഒരു കോടി പതിനാല് ലക്ഷം രൂപയും അഭിഭാഷകർക്ക് ചെലവ്
തിരുവനന്തപുരം: ഷുഹൈബ് കൊലപാതക കേസിൽ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ അഭിഭാഷകർക്ക് വേണ്ടി സർക്കാർ 96 ലക്ഷം രൂപ ചെലവഴിച്ചു. പെരിയ കേസിൽ ഒരു കോടി പതിനാല് ലക്ഷം രൂപയും സർക്കാർ പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി ഇതുവരെ നൽകി. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെയാണ് കണക്കുകൾ പുറത്ത് വന്നത്.
ഷുഹൈബ് കേസിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ഫീസ് ഇനത്തിൽ മാത്രം 89.7 ലക്ഷം രൂപ നൽകി. ഇതിന് പുറമേ അഭിഭാഷകർക്ക് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ചത് 6,64, 961 രൂപ. ആകെ ചിലവ് 96, 34, 261 രൂപ. ഷുഹൈബ് വധ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ അച്ഛൻ സി.പി. മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സർക്കാരിന് വേണ്ടി വാദിക്കാൻ എത്തിയത് സംസ്ഥാനത്തിന് വെളിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരാണ്. ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം . അമരീന്ദർ സിംഗിന് 22 ലക്ഷം. സുപ്രിം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായത് വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയും. സുപ്രിംകോടതിയിൽ വാദിച്ചതിന് കൊടുത്ത ഫീസ് 3.30 ലക്ഷം. സമാനമായ രീതിയിൽ പെരിയയിലെ കൃപേഷ്, ശരത് ലാൽ കൊലപാതക കേസിലും സർക്കാരിന് പണം ചെലവഴിക്കേണ്ടി വന്നു.
1,14, 83, 132 രൂപയാണ് പെരിയ കേസിൽ പുറത്ത് നിന്ന് ഹാജരായ അഭിഭാഷകർക്കായി വന്ന ചെലവ്. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസ് നൽകി. 2,33, 132 രൂപ വിമാനയാത്രക്കും താമസത്തിനും ഭക്ഷണത്തിനും ആയി നൽകി. സുപ്രിം കോടതിയിൽ പെരിയ കേസിൽ സർക്കാരിന് വേണ്ടി ഹാജരായത് മനീന്ദർ സിംഗ് ആയിരുന്നു. 24.50 ലക്ഷം മനീന്ദർ സിംഗിന് നൽകി. മാത്യു കുഴൽ നാടൻ എം.എൽ.എയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി.
Adjust Story Font
16