ശമ്പള പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ; കെഎസ്ആർടിസിയുടെ കൈവശം എത്ര പണമുണ്ടെന്നതിന്റെ കണക്ക് ശേഖരിച്ചു
കെഎസ്ആർടിസി ശമ്പളം നൽകാത്തതിൽ എഐടിയുസിക്കും ബിഎംഎസിനും പുറമെ സിഐടിയുവും മാനേജ്‌മെന്റിനും മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് സർക്കാർ ഇടപെടൽ.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ സർക്കാർ ഇടപെടുന്നു. ശമ്പളം നൽകാൻ കെഎസ്ആർടിസിയുടെ കൈവശം എത്ര പണമുണ്ടെന്നതിന്റെ കണക്ക് ധനവകുപ്പ് ശേഖരിച്ചു. നേരത്തെ നൽകിയതിന് പുറമെ 30 കോടി രൂപ കൂടി ലഭിച്ചാൽ മാത്രമേ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാനാകു. ഈ തുക വായ്പ എടുക്കാനായി ജാമ്യം നിൽക്കാനാണ് സർക്കാർ ആലോചന.
കെഎസ്ആർടിസി ശമ്പളം നൽകാത്തതിൽ എഐടിയുസിക്കും ബിഎംഎസിനും പുറമെ സിഐടിയുവും മാനേജ്‌മെന്റിനും മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് സർക്കാർ ഇടപെടൽ. മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ആശയവിനിയമം നടത്തി. കെഎസ്ആർടിസിയുടെ കൈവശം ശമ്പളം നൽകുന്നതിന് എത്ര തുക നീക്കിയിരിപ്പുണ്ടെന്ന കണക്ക് ധനവകുപ്പ് ശേഖരിച്ചു. നിലവിലെ സ്ഥിതി അനുസരിച്ച് കഴിഞ്ഞ മാസത്തെ ഓവർ ഡ്രാഫ്റ്റിൽ അഞ്ച് കോടി രൂപ കൂടി തിരികെ അടയ്ക്കാനുണ്ട്. 30 കോടി സർക്കാർ നേരത്തെ അനുവദിച്ചതും ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിലേക്കാണ് മാറ്റിയത്. ഇത് 30 കോടി രൂപ കൂടി ലഭിച്ചാൽ ബാക്കി ഓവർ ഡ്രാഫ്റ്റും എടുത്ത് ശമ്പളം നൽകാൻ കഴിയുമെന്നാണ് കഎസ്ആർടിസി അറിയിച്ച കണക്ക്. ബാക്കി തുകക്കുള്ള വായ്പക്ക് സർക്കാർ ഈട് നിൽക്കുമെന്നാണ് വിവരം. കൂടാതെ വരും ദിവസങ്ങളിലെ ഇന്ധനത്തിനുള്ള തുക മാറ്റിവെച്ചാലേ ശമ്പളത്തിനുള്ള വിഹിതം കണ്ടെത്താനാകൂ. നാളെ സിഐടിയു ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധം തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16