കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു
2020 സെപ്റ്റംബർ 14നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി നാടിന് സമർപ്പിച്ചത്. ഒ.പി മുതൽ മേജർ ഓപ്പറേഷൻ തിയറ്റർ വരെ ഉടൻ സജ്ജീകരിക്കുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു
ന്യൂഡൽഹി/പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിൻസിപ്പലിന് കത്തയച്ചത്. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മെഡിക്കൽ കോളജ് ഇനിയും പൂർണതോതിൽ പ്രവർത്തനത്തിന് സജ്ജമാകാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടി വരുന്നത്. 2022-23 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആലോചന. ഇതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 100 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ആവശ്യം തള്ളിക്കൊണ്ടായിരുന്നു മെഡിക്കൽ കമ്മീഷൻ കോളജിന്റെ പ്രവർത്തനാനുമതി തടഞ്ഞത്.
മെഡിക്കൽ കോളജ് പ്രവർത്തിക്കാൻ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. വലിയ കെട്ടിടങ്ങൾ പണിതതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലന്നും മെഡിക്കൽ കമ്മീഷൻ പ്രിൻസിപ്പലിന് അയച്ച കത്തിൽ സൂചിപ്പിച്ചു. പോരായ്മകൾ പരിഹരിച്ചാൽ വീണ്ടും പരിശോധന നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
2013ലാണ് കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാനായിട്ടില്ല. 2020 സെപ്റ്റംബർ 14നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്. ഒ.പി മുതൽ മേജർ ഓപ്പറേഷൻ തിയറ്റർ വരെ ഉടൻ സജ്ജീകരിക്കുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും ഒ.പി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങളൊന്നും ഇവിടെയില്ല.
Summary: Government Medical College, Konni, was denied permission to operate by National Medical Commission
Adjust Story Font
16