വന്യജീവി ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് പരാതി
2021 - 2022 സാമ്പത്തിക വർഷത്തിൽ 144 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്
പാലക്കാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നില്ലെന്ന് പരാതി. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമാണ് നഷ്ടപരിഹാരം കിട്ടാത്തത്. 2021 നവംബർ മുതലുള്ള നഷ്ടപരിഹാരമാണ് നൽകാനുള്ളത്. പതിനായിരം രൂപ മാത്രമമാണ് തന്നതെന്നും ബാക്കി ഉടൻ തരാമെന്ന് പറഞ്ഞിട്ട് കിട്ടിയില്ലെന്നും ആനയുടെ ആക്രമണത്തിൽ മരിച്ച അട്ടപ്പാടി കാവുണ്ടിക്കലിലെ രാമദാസിന്റെ അച്ഛൻ വേലുസ്വാമി പറഞ്ഞു.
2021 - 2022 സാമ്പത്തിക വർഷത്തിൽ 144 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാമ്പ് കടിയേറ്റത് ഒഴികെയുള്ള വന്യജീവി ആക്രമണങ്ങൾക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. പാമ്പ് കടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും നൽകണമെന്നാണ് നിയമം. മിക്ക ആളുകൾക്കും പതിനായിരം രൂപയാണ് നൽകിയിരിക്കുന്നത്.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയാവുകയോ പ്രതിഷേധം ഉണ്ടാവുകയോ ചെയ്താൽ മാത്രമാണ് അടുത്തകാലത്തായി പണം അനുവദിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയ ധോണിയിലെ ശിവരാമനെ ആന കൊന്നത് വലിയ വാർത്തയായിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചപ്പോൾ 5 ലക്ഷം അനുവദിച്ചു. ബാക്കിയുള്ള 5 ലക്ഷം ഉടൻ നൽകുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1416 പേർക്ക് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു. ഇവരുടെ ചികിത്സചെലവിലെ ഒരു ലക്ഷം രൂപവരെയുള്ള തുക സർക്കാർ വഹിക്കണം. ഭൂരിഭാഗം പേർക്കും ഇതും ലഭിച്ചിട്ടില്ല. 6621 പേരുടെ കൃഷിയാണ് വന്യജീവികൾ തകർത്തത്. ഫണ്ടില്ലെന്ന കാരണം പറത്താണ് നഷ്ടപരിഹാരം നൽകുന്നത് നീട്ടി കൊണ്ടുപോകുന്നത്.
Adjust Story Font
16