മലബാറിലെ പ്ലസ് വൺ പ്രതിസന്ധി: 283 ബാച്ച് അനുവദിക്കണമെന്ന റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ
18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് 283 ബാച്ച് അനുവദിക്കണമെന്ന കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ. 220 അധിക ബാച്ചും അപ്ഗ്രേഡിലൂടെ 40ഉം, ബാച്ച് മാറ്റത്തിലൂടെ 23 ബാച്ചും ലഭ്യമാക്കണമെന്നായിരുന്നു റിപ്പോർട്ട്. 25 വിദ്യാർഥികളില്‍ കുറവുള്ള 39 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റണമെന്നും ശുപാർശയുണ്ടായിരുന്നു. മലപ്പുറത്ത് 154 ബാച്ച്, കോഴിക്കോട് 48, പാലക്കാട് 23 ബാച്ച് എന്നിങ്ങനെ അനുവദിക്കണം, 18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന നിർദേശവും അട്ടിമറിച്ചു.
കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് മലബാറിലെയടക്കം പ്ലസ് വൺ പ്രതിസന്ധി സംബന്ധിച്ച് പഠനം നടത്തി പരിഹാരനിർദേശങ്ങൾ സമർപ്പിക്കാനായി പ്രഫ.വി. കാർത്തികേയൻ നായരുടെ മേൽനോട്ടത്തിൽ ഒരു മൂന്നംഗ കമ്മിറ്റിയെ വിദ്യാഭാസ വകുപ്പ് നിയോഗിക്കുന്നത്. ഇതനുസരിച്ച് 2023 മെയ് 17ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ, റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാനോ പരിഹാരം കാണാനോ ശ്രമിക്കാതെ വിദ്യാഭ്യാസ വകുപ്പ് ഒരു വർഷത്തിലേറെയായി ഈ റിപ്പോർട്ട് പൂഴ്ത്തി വെക്കുകയായിരുന്നു.
നിയമസഭയിൽ മഞ്ഞളാംകുഴി അലി എംഎൽഎ ഉന്നയിച്ച ഒരു ചോദ്യത്തിനുള്ള മറുപടിക്കൊപ്പമാണ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നത്. സർക്കാർ സ്കൂളുകളിൽ 96ഉം എയ്ഡഡ് സ്കൂളുകളിൽ 126ഉം താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്നതടക്കമുള്ള ശുപാർശകൾ കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. 120 ബാച്ചുകൾ മലപ്പുറത്തും 43 ബാച്ചുകൾ കോഴിക്കോട്ടും അനുവദിക്കണമെന്നായിരുന്നു ശുപാർശ.
എയ്ഡഡ് വിഭാഗത്തിൽ മലപ്പുറം പുളിക്കൽ എ.എം.എം.എച്ച്.എസ് പ്രാദേശിക ആവശ്യകത മുൻനിർത്തി മൂന്ന് ബാച്ചുകൾ അനുവദിച്ച് ഹയർസെക്കൻഡറിയാക്കാനും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ അപ്ഗ്രേഡ് ചെയ്യുന്ന സ്‌കൂളുകളിലെ ബാച്ചുകളും മൂന്നാം വർഷംവരെ വരെ താൽക്കാലിക സ്വഭാവത്തിൽ പ്രവർത്തിക്കുകയും ഇതിന് ശേഷം ബാച്ച് സ്ഥിരപ്പെടുത്തലും തസ്തിക സൃഷ്ടിക്കലും നടത്തിയാൽ മതിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നത് വഴി ലഭിക്കുന്ന 40 പുതിയ ബാച്ചുകൾ കൂടി പരിഗണിച്ചാൽ 262 ബാച്ചുകൾ വേണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു പുറമെയാണ് 39 ബാച്ചുകൾ ട്രാൻസ്‌ഫർ ചെയ്യാനുള്ള ശുപാർശ. എന്നാൽ, 2023ലും ഈ വർഷവും പുതിയ ബാച്ചുകൾ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.
സീറ്റ് ക്ഷാമത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുകയും വിദ്യാർഥി സംഘടനകളടക്കം കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്‌തതോടെ താൽകാലിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു സർക്കാർ. മലപ്പുറത്ത് 120ഉം കാസർകോട് 18ഉം താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്.ഇതോടെ സീറ്റ് ക്ഷാമം പരിഹരിക്കാനായി 301 ബാച്ചുകൾ ലഭ്യമാകുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അതേസമയം, കാർത്തികേയൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും ആവശ്യപ്പെട്ടു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പ്ലസ് വൺ ബാച്ച് അനുവദിച്ചതിൽ ഉണ്ടായ വിവേചനം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രദേശികമായ ജനസംഖ്യ പരിഗണിക്കപ്പെട്ടിട്ടില്ല. ഈ തെറ്റുതിരുത്താൻ സർക്കാർ മുന്നോട്ട് വരണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
Adjust Story Font
16