നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ സർക്കാർ ആലോചന
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഈ വർഷം വള്ളംകളി സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും.
നെഹ്‌റു ട്രോഫി വള്ളം കളി നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് സർക്കാർ. വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രങ്ങൾ തീരുമാനിക്കുന്ന സമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി വള്ളംകളി നടത്തിയിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയോടും കോവിഡ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്ന ഉന്നതാധികാരസമിതിയോടും ആലോചിച്ച ശേഷം വള്ളംകളി നടത്തുന്ന കാര്യത്തിൽ അന്തിമമായ തീരുമാനം കൈക്കൊള്ളും.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി വള്ളംകളി മത്സരം നടത്താൻ സാധിച്ചിരുന്നില്ല. കോവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വള്ളംകളി നടത്താൻ സാധിക്കുമെന്നാണ് യോഗത്തിൽ പൊതുവെ ഉയർന്നുവന്ന അഭിപ്രായം.
Adjust Story Font
16