Quantcast

മുസ്‌ലിംകൾക്ക് പൂർണ്ണ നീതി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കാന്തപുരം

'പാലോളി കമ്മീഷൻ റിപ്പോർട്ടിന്മേലുള്ള നിർദേശങ്ങൾ നൂറുശതമാനവും മുസ്‌ലിംകളുടെ വികസനത്തിനു വേണ്ടി തന്നെ വിനിയോഗിക്കണം. അത് ന്യൂനപക്ഷങ്ങൾ എന്ന പൊതുകാറ്റഗറിയിലേക്കു പരിമിതപ്പെടുത്തിയതും 80:20 എന്ന അനുപാതത്തിലേക്കു ചുരുക്കിയതും നീതിപൂർവമായിരുന്നില്ല'

MediaOne Logo

ijas

  • Updated:

    2021-06-01 15:44:55.0

Published:

1 Jun 2021 3:43 PM GMT

മുസ്‌ലിംകൾക്ക് പൂർണ്ണ നീതി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കാന്തപുരം
X

കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മീഷൻ നിർദേശങ്ങൾക്കനുസൃതമായി നൽകപ്പെട്ട ക്ഷേമപദ്ധതികൾ നൂറു ശതമാനവും മുസ്‌ലിംകൾക്ക് തന്നെ ലഭിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തിൽ വെർച്വൽ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലോളി കമ്മീഷൻ റിപ്പോർട്ടിന്മേലുള്ള നിർദേശങ്ങൾ നൂറുശതമാനവും മുസ്‌ലിംകളുടെ വികസനത്തിനു വേണ്ടി തന്നെ വിനിയോഗിക്കണം. അത് ന്യൂനപക്ഷങ്ങൾ എന്ന പൊതുകാറ്റഗറിയിലേക്കു പരിമിതപ്പെടുത്തിയതും 80:20 എന്ന അനുപാതത്തിലേക്കു ചുരുക്കിയതും നീതിപൂർവമായിരുന്നില്ല. ഇപ്പോൾ കോടതി നിർദ്ദേശിച്ച ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാ പ്രകാരം ആനുപാതിക വിഭജനമെന്നത്, പാലോളി കമ്മറ്റി നിർദേശങ്ങളുടെ മെറിറ്റിനെ തന്നെ ഇല്ലാതാക്കുന്നു. വിഷയത്തെ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പാലോളി കമ്മിറ്റിക്ക് രൂപം നൽകുകയും, അത് പ്രകാരം റിപ്പോർട്ട് നടപ്പിലാക്കുകയും ചെയ്തത് അന്നത്തെ ഇടതു സർക്കാരായിരുന്നുവെന്നും, അതിന്‍റെ നിർദേശങ്ങൾ വഴി വന്ന മുസ്‍ലിംകൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾ ഇവ്വിധം വിഭജിക്കപ്പെടുന്നത് ഗൗരവതരമാണ് എന്നും തുടർന്ന് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചത്, പ്രശ്‌നം പൂർണ്ണമായി പഠിച്ചു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് . അത് അർത്ഥപൂർണ്ണവും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷം എന്ന പൊതുനാമധേയത്തിലേക്കു 2011 ഫെബ്രുവരിയിലെ ഓർഡർ നൽകിയതാണ് ഇതിലെ മുഖ്യപ്രശനമെന്നും,അതിനാൽ സച്ചാർ കമ്മറ്റി റിപ്പോർട്ട് പ്രകാരം മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ക്ഷേമനിധികൾ എന്ന കൃത്യതയുള്ള വിവരണത്തിലേക്കു ഈ നിയമ ശീർഷകവും കണ്ടന്‍റും മാറ്റാനായി സർക്കാർ തയ്യാറാകണമെന്ന് എം.കെ മുനീർ എം.എൽ എ ആവശ്യപ്പെട്ടു. അതിനായി എല്ലാ മുസ്‌ലിം സംഘടനകളും സംയുക്ത ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

രജീന്ദർ സച്ചാർ റിപ്പോർട്ടിനെ ഗൗരവപൂർവം കണ്ടതുകൊണ്ടാണ് പാലോളി കമ്മീഷൻ നിയമിക്കാനും അത് പ്രകാരം നിയമം കൊണ്ടുവരാനും അക്കാലത്തെ ഇടതുസർക്കാർ തയ്യാറായതെന്ന് മുൻമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. അതിനാൽ, നിലവിൽ മുസ്‌ലിം അവകാശം സംരക്ഷിക്കുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിംകൾക്ക് വേണ്ടിയുള്ള നിയമം ന്യൂനപക്ഷമെന്ന പൊതുകാറ്റഗറിയിലേക്ക് മാറ്റാൻ, ഓർഡറിൽ പരാമർശിച്ച ന്യായം ന്യൂന പക്ഷ സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടുവെന്നതാണ്. അന്നാരും അങ്ങനൊരു വാദം കേട്ടിട്ടില്ല. അത്തരം ഒരു രീതി ഉണ്ടായിട്ടുണ്ടോ എന്നും, അതല്ല ബ്യൂറോക്രസിയുടെ അവിഹിത ഇടപെടലുകൾ ഇതിനു പിന്നിൽ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. മുസ്‍ലിംകൾക്ക് പൂർണ്ണമായും ഇതിന്‍റെ വിഹിതം ലഭിക്കാൻ സർക്കാർ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമവശങ്ങൾ പഠിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉറച്ചു വിശ്വസിക്കുന്നതായി ആമുഖ പ്രഭാഷണം നടത്തിയ എൻ അലി അബ്ദുള്ള പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വർഗീയ ധ്രുവീകരണത്തിനുള്ള ഗൂഢശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.സച്ചാർകമ്മറ്റി നിർദേശ പ്രകാരമുള്ള ഒരു നിയമത്തിൽ വിധി പുറപ്പെടുവിക്കുമ്പോൾ സർക്കാരിന്‍റെയും, മുസ്‌ലിം പ്രതിനിധികളുടെയും ഇവ്വിഷയത്തിലെ സമീപനം കോടതി ആരായണമായിരുന്നുവെന്നും, അല്ലായിരുന്നുവെങ്കിൽ ഹരജിക്കാരൻ സർക്കാറിന് നൽകിയ നിവേദനത്തിൽ ഒരു തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ഹരജി തീർപ്പാക്കാമായിരുന്നുവെന്നും അഡ്വ.പി.യു അലി അഭിപ്രായപ്പെട്ടു.

പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രെട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. ടി വി ഇബ്രാഹീം എം.എൽ.എ, സി.മുഹമ്മദ് ഫൈസി,വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, സി.പി സൈതല്ലവി മാസ്റ്റർ പ്രസംഗിച്ചു. എ സൈഫുദ്ധീൻ ഹാജി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

TAGS :

Next Story