ബഫർ സോൺ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ; മന്ത്രിമാർ കത്തോലിക്കാ സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നു
തിരുവനന്തപുരം പട്ടത്തെ ബിഷപ്പ് ഹൗസിലാണ് കൂടിക്കാഴ്ച
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ. മന്ത്രിമാരായ റോഷി അഗസ്റ്റിനും ആന്റണി രാജുവും മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തുകയാണ്. തിരുവനന്തപുരം പട്ടത്തെ ബിഷപ്പ് ഹൗസിലാണ് കൂടിക്കാഴ്ച.
അതേസമയം ബഫർസോണുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ നിർണായക യോഗങ്ങൾ ഇന്ന് നടക്കും. രാവിലെ വിദഗ്ധ സമതിയോഗവും ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവുമാണ് ചേരുന്നത്. ഫീൽഡ് സർവേക്കായി കാലാവധി നീട്ടിനൽകാൻ വിദഗ്ധസമിതി സർക്കാറിനോട് ആവശ്യപ്പെടും. ഉപഗ്രഹസർവേ റിപ്പോർട്ടിനെതിരായ പരാതികൾ നൽകാനുള്ള തീയതിയും നീട്ടിയേക്കും.
ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹസർവേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. സർവേ റിപ്പോർട്ട് തയ്യാറാണെങ്കിലും കനത്ത പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട്ട് അപൂർണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു. പ്രതിപക്ഷവും വിവിധ സംഘടനകളും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. വൈകിട്ട് നടക്കുന്ന യോഗത്തിൽ വനം, റവന്യു, തദ്ദേശ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കും.
സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻറ് എൻവയോൺമെൻറ് സെൻറർ തയ്യാറാക്കിയ ഉപഗ്രഹ സർവ്വ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി സുപ്രിംകോടതിയിൽ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഉപഗ്രഹസർവേ ബഫർസോൺ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. ഇത് യോഗം ചർച്ച ചെയ്യും.
ഉപഗ്രഹസർവേക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ നേരിട്ടുള്ള സർവേക്ക് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പും തദ്ദേശവകുപ്പും കുടുംബശ്രീയുടെ സഹായത്തോടെയാണ് പരാതികളിൽ ഫീൽഡ് സർവേ നടത്താൻ ആലോചിക്കുന്നത്. ഫീൽഡ് സർവേക്കായി കാലാവധി നീട്ടിനൽകാൻ വിദഗ്ധസമിതി സർക്കാറിനോട് ആവശ്യപ്പെടും. ഉപഗ്രഹസർവേ റിപ്പോർട്ടിനെതിരായ പരാതികൾ നൽകാനുള്ള തിയ്യതി 23 ന് തീരാനിരിക്കെ സമയപരിധി നീട്ടാനും സമതി ശിപാർശ ചെയ്യും. രണ്ടും സർക്കാർ അംഗീകരിക്കാനാണ് സാധ്യത.
Adjust Story Font
16